Districts

ചാരായവുമായി യുവാവ് പിടിയില്‍

പട്ടേപ്പാടം കേന്ദ്രീകരിച്ച് ലോക്ക് ഡൗണ്‍ ഗൗനിക്കാതെ ചീട്ടുകളി നടക്കുന്നതായി ഡിവൈഎസ്പിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാവിലെ മുതല്‍ മഫ്തിയില്‍ പോലിസ് സംഘം ഈ ഭാഗത്ത് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു.

ചാരായവുമായി യുവാവ് പിടിയില്‍
X

മാള(തൃശൂര്‍): പുത്തന്‍ചിറ പട്ടേപ്പാടത്ത് ചീട്ടുകളി നടക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ചാരായവുമായി യുവാവ് പിടിയിലായി. പുത്തന്‍ചിറ പട്ടേപ്പാടം പാലാപറമ്പില്‍ ദിനേശന്റെ മകന്‍ ലാലു എന്ന ലാല്‍കൃഷ്ണ(21) യാണ് പിടിയിലായത്.

പട്ടേപ്പാടം കേന്ദ്രീകരിച്ച് ലോക്ക് ഡൗണ്‍ ഗൗനിക്കാതെ ചീട്ടുകളി നടക്കുന്നതായി ഡിവൈഎസ്പിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാവിലെ മുതല്‍ മഫ്തിയില്‍ പോലിസ് സംഘം ഈ ഭാഗത്ത് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ലാല്‍ കൃഷണയോട് പ്രദേശവാസിയായ മറ്റൊരു യുവാവ് പോലിസെത്തിയിട്ടുണ്ടെന്ന് പറഞ്ഞതിനാല്‍ തിടുക്കത്തില്‍ തിരിച്ച് പോകാന്‍ ശ്രമിക്കുന്നത് കണ്ട പോലിസ് സംഘം ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് അരയില്‍ സൂക്ഷിച്ച കുപ്പിയില്‍ ചാരായം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ സുഹൃത്തിന് നല്‍കാന്‍ കൊണ്ടുവന്ന ചാരായമാണെന്ന് പറയുകയായിരുന്നു.

നിരവധി അടിപിടി കേസുകളിലും മറ്റും പ്രതിയായിരുന്ന ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ എറണാകുളം ജില്ലയില്‍ നിന്നും ചാരായം എത്തിച്ച് വില്‍പന നടത്തുന്നയാളാണെന്ന് വ്യക്തമായി. കൊവിസ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം വിദേശ മദ്യശാലകളും മറ്റും അടച്ചുപൂട്ടിയതിനാല്‍ വ്യാജ ചാരായത്തെയും മറ്റുമാണ് പലരും ആശ്രയിക്കുന്നത്. ഇതിനെ മുതലെടുത്താണ് രണ്ടായിരം രൂപക്ക് വാങ്ങുന്ന ചാരായം 3500 രൂപയ്ക്ക് വില്‍പന നടത്തുന്നതെന്ന് ഇയാള്‍ പോലിസിനോട് സമ്മതിച്ചു.

ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ്, ആളൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുശാന്ത്, അഡീഷണല്‍ എസ്‌ഐ കെ കെ രഘു, എഎസ് ഐമാരായ ജിനു മോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി എം മൂസ, സീനിയര്‍ സിപിഒമാരായ എ യു റെജി, ഷിജോ തോമസ്, ആളൂര്‍ സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ മഹേഷ്, സിപിഒ സുരേഷ്, എഎസ്‌ഐ ഷാജന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ലാല്‍ കൃഷ്ണയെ മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it