Districts

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ സജീവമായി സാമൂഹിക അടുക്കളകള്‍

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 86 സാമൂഹിക അടുക്കളകളില്‍ നിന്ന് ജില്ലയില്‍ ഇന്ന് 20,589 ഭക്ഷണ പൊതികളാണ് സൗജന്യമായി വിതരണം ചെയ്തത്.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ സജീവമായി സാമൂഹിക അടുക്കളകള്‍
X

കോഴിക്കോട്: ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സാമൂഹിക അടുക്കളകള്‍ സജീവമായി കൂടുതല്‍ ജനങ്ങളിലേക്ക് എത്തുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് അടുക്കളയുടെ നടത്തിപ്പ് ചുമതല. കോഴിക്കോട് ജില്ലയിലെ 70 ഗ്രാമപ്പഞ്ചായത്തുകള്‍, ഏഴ് മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 91 അടുക്കളയില്‍ പ്രവര്‍ത്തനവും വിതരണവും നടക്കുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സി കവിത പറഞ്ഞു. ഇതില്‍ 86 അടുക്കളകള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ടും മൂന്നും അടുക്കളകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുന്ന ഗ്രാമപഞ്ചായത്തുകളും, മുനിസിപ്പാലിറ്റിയും ജില്ലയിലുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏഴ് അടുക്കളകള്‍, വടകര മുനിസിപ്പാലിറ്റിയില്‍ മൂന്ന്, കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ രണ്ട്, ചങ്ങരോത്ത്, വില്യാപ്പള്ളി, താമരശ്ശേരി പഞ്ചായത്തുകളില്‍ രണ്ട് അടുക്കളകള്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ട്.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 86 സാമൂഹിക അടുക്കളകളില്‍ നിന്ന് ജില്ലയില്‍ ഇന്ന് 20,589 ഭക്ഷണ പൊതികളാണ് സൗജന്യമായി വിതരണം ചെയ്തത്. 20 രൂപയ്ക്ക് നല്‍കുന്ന ഊണ്‍ 1381 പേര്‍ക്കും, 25 രൂപയ്ക്ക് 301 പേര്‍ക്കും ഊണ്‍ നല്‍കി.

കൊവിഡ് 19 വ്യാപനം തടയാന്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായാണ് സാമൂഹിക അടുക്കളകള്‍ ഒരുക്കിയത്.

Next Story

RELATED STORIES

Share it