India

മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന്റെ 1.77 കോടി രൂപ ഇഡി കണ്ടുകെട്ടി

മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന്റെ 1.77 കോടി രൂപ ഇഡി കണ്ടുകെട്ടി
X

ന്യൂഡല്‍ഹി: ബിജെപിയുടെ കടുത്ത വിമര്‍ശകയും മാധ്യമപ്രവര്‍ത്തകയുമായ റാണാ അയ്യൂബിന്റെ 1.77 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. പൊതുജനങ്ങളില്‍നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി. മൂന്ന് കാംപയിനുകള്‍ക്കായി സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കലും ഫണ്ട് തട്ടിപ്പും ആരോപിച്ചാണ് ഇഡിയുടെ നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ)ഉപയോഗിച്ച് റാണാ അയ്യൂബിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്യാന്‍ താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഏജന്‍സിയിലെ വൃത്തങ്ങള്‍ അറിയിച്ചു. 'ഹിന്ദു ഐടി സെല്‍' എന്ന എന്‍ജിഒയുടെ സ്ഥാപകനും ഗാസിയാബാദിലെ ഇന്ദിരാപുരം നിവാസിയുമായ വികാസ് സംകൃത്യായന്‍ സപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റാണാ അയ്യൂബിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്തത്.

ലോക്ക് ഡൗണ്‍ സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിരുന്നു റാണാ അയ്യൂബ് പൊതുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിച്ചിരുന്നത്. 2020 നും 2021 നും ഇടയില്‍ ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കായി കെറ്റോ എന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴി 2.69 കോടി രൂപ റാണാ അയ്യൂബ് സമാഹരിച്ചെന്ന് കണ്ടെത്തിയതായി ഇഡി പറയുന്നു. റാണാ അയ്യൂബ് കെറ്റോയില്‍നിന്ന് 2,69,44,680 രൂപ സമാഹരിച്ചു. ഈ ഫണ്ടുകള്‍ അവരുടെ സഹോദരിയുടെയും അച്ഛന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചു- എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തുടര്‍ന്ന് മുഴുവന്‍ തുകയും റാണാ അയ്യൂബിന്റെ സ്വന്തം അക്കൗണ്ടിലേക്ക് 'കൈമാറ്റം' ചെയ്തു- ഇഡി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇഡിയുടെ നടപടിക്കെതിരേ റാണാ അയ്യൂബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇഡിയുടെ നടപടിക്ക് പിന്നാലെ പങ്കുവച്ച ട്വീറ്റില്‍ കുറിച്ചത് ഇങ്ങനെ: സര്‍ക്കാര്‍ അവരുടെ ഏജന്‍സികള്‍ ഉപയോഗിച്ച് സത്യം വിളിച്ചു പറയുന്ന പത്രപ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്, എങ്ങനെ ഇത് മറികടക്കും- റാണാ അയ്യൂബ് കുറിച്ചു. കെറ്റോ വഴി ലഭിച്ച മുഴുവന്‍ സംഭാവനയ്ക്കും കണക്കുണ്ടെന്നും ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും റാണാ അയ്യൂബ് മുമ്പ് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it