India

രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷവും ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത് 87,000 പേര്‍ക്ക്; 46 ശതമാനവും കേരളത്തില്‍

രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷവും ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത് 87,000 പേര്‍ക്ക്; 46 ശതമാനവും കേരളത്തില്‍
X

ന്യൂഡല്‍ഹി: രണ്ടുഡോസ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്ത ശേഷവും ഇന്ത്യയില്‍ 87,000 ഓളം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപോര്‍ട്ട്. ഇതില്‍ 46 ശതമാനം കേസുകളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ആദ്യ ഡോസ് വാക്‌സിനെടുത്ത 80,000 ആളുകള്‍ക്ക് കേരളത്തില്‍ കൊവിഡ് പോസിറ്റീവായി. രണ്ടുഡോസുമെടുത്ത ശേഷം 40,000 ഓളം പേര്‍ക്കും രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ വര്‍ധിച്ചുവരുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.

വാക്‌സിനെടുത്ത ശേഷം കൊവിഡ് സ്ഥിരീകരിച്ച 200 ഓളം പേരുടെ സാംപിളുകളുടെ ജനിതകശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ല. സമ്പൂര്‍ണ വാക്‌സിനേഷന്‍ നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയിലധികം രോഗികളും കേരളത്തിലാണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 21,247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

179 കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയുണ്ടായി. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതോടെയാണ് വൈറസിന്റെ പുതിയ തരംഗത്തിലേക്ക് നയിക്കുന്നത്. ഈവര്‍ഷം ആദ്യം അതിതീവ്രമായ കൊവിഡ് ഡെല്‍റ്റ വകഭേദമാണ് രണ്ടാം തരംഗത്തിന് വഴിവച്ചത്. രണ്ടാമത്തെ തരംഗം നിയന്ത്രണവിധേയമായതോടെ പുതിയ വകഭേദങ്ങളെക്കുറിച്ചും മൂന്നാം തംരഗത്തിന്റെ സാധ്യതയെക്കുറിച്ചും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നു.

Next Story

RELATED STORIES

Share it