India

കോടതി അനുമതി നല്‍കി; ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ബുധനാഴ്ച അറസ്റ്റുചെയ്യും

കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ ചിദംബരത്തെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെയാണ് ചിദംബരത്തെ അറസ്റ്റുചെയ്യേണ്ടതുണ്ടെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചൊവ്വാഴ്ച കോടതിയിലെത്തിച്ചത്.

കോടതി അനുമതി നല്‍കി; ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ബുധനാഴ്ച അറസ്റ്റുചെയ്യും
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച അറസ്റ്റുചെയ്യും. കേസില്‍ ചിദംബരത്തെ അറസ്റ്റുചെയ്യണമെന്ന ഇഡിയുടെ അപേക്ഷയ്ക്ക് ഡല്‍ഹി പ്രത്യേക കോടതി അനുമതി നല്‍കി. ഇതോടെയാണ് ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ ചിദംബരത്തെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെയാണ് ചിദംബരത്തെ അറസ്റ്റുചെയ്യേണ്ടതുണ്ടെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചൊവ്വാഴ്ച കോടതിയിലെത്തിച്ചത്.

സമാനകേസില്‍ സിബിഐ അറസ്റ്റുചെയ്ത ചിദംബരം സപ്തംബര്‍ അഞ്ചുമുതല്‍ തിഹാര്‍ ജയിലിലാണ്. ഒന്നുകില്‍ കോടതി പരിസരത്ത് ചിദംബരത്തെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്യുകയും പിന്നീട് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുക. അല്ലെങ്കില്‍ അടുത്ത ദിവസം തിഹാര്‍ ജയിലില്‍നിന്ന് ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്യുക. ഈ രണ്ട് നിര്‍ദേശങ്ങളാണ് കോടതി ഇഡിക്ക് മുന്നില്‍ വച്ചത്. ഇതില്‍ രണ്ടാമത്തെ നിര്‍ദേശമാണ് ഇഡി സ്വീകരിച്ചത്. ചിദംബരത്തെ സാധിക്കുന്ന അത്ര വേഗത്തില്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. റോസ് അവന്യൂ കോടതി പരിസരത്ത് ചോദ്യം ചെയ്യുകയും ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യാമെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.

എന്നാല്‍, കോടതി ഉടനെ ഇതില്‍ ഇടപെട്ടു. വ്യക്തിയുടെ അന്തസ് തീര്‍ച്ചയായും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. ഇതോടെ ബുധനാഴ്ച രാവിലെ തിഹാര്‍ ജയിലില്‍നിന്നും അറസ്റ്റ് ചെയ്യാനും വൈകീട്ട് നാലിന് കോടതിയില്‍ ഹാജരാക്കാമെന്നും ഇഡി നിലപാട് അറിയിച്ചു. അതേസമയം, തന്നെ അപമാനിക്കുന്നതിനുവേണ്ടിയാണ് സിബിഐ ജയിലില്‍ അടച്ചിരിക്കുന്നതെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ ചിദംബരം സുപ്രിംകോടതിയില്‍ വാദിച്ചു. സിബിഐയുടെ കേസിലാണ് ചിദംബരം സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ചിദംബരത്തെ 60 ദിവസം ജയിലില്‍ അടയ്ക്കുക എന്നതാണ് സിബിഐയുടെ പദ്ധതി. സിബിഐ കസ്റ്റഡിയിലിരിക്കെ ഇഡിക്ക് കീഴടങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബലും കോടതിയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it