India

വനിതാ പോലിസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തെന്ന കേസ്; ജിഗ്‌നേഷ് മേവാനിയെ അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

വനിതാ പോലിസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തെന്ന കേസ്; ജിഗ്‌നേഷ് മേവാനിയെ അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

ഗുവാഹത്തി: രണ്ടാം തവണയും അറസ്റ്റ് ചെയ്ത ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയെ അസം കോടതി അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ജിഗ്‌നേഷ് മെവാനിയെ ആദ്യത്തെ കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ അസം പോലിസ് രണ്ടാമതും അറസ്റ്റ് ചെയ്തത്. വനിതാ പോലിസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തെന്നാരോപിച്ചായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ട്വീറ്റ് ചെയ്തു എന്ന കേസിലാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ മേവാനിയെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകുള്‍ ചേതിയ ആണ് പോലിസ് കസ്റ്റഡിയില്‍ വിട്ടത്.

ഐപിസി സെക്ഷന്‍ 294 (പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ പറയല്‍), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 353 (കൃത്യനിര്‍വഹണത്തിനിടെ പൊതുപ്രവര്‍ത്തകനെ ആക്രമിക്കല്‍), 354 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ച് ക്രിമിനല്‍ ബലപ്രയോഗം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മേവാനിക്കെതിരേ കേസെടുത്തിരിക്കുന്നത്. എംഎല്‍എ ജിഗ്‌നേഷ് മേവാനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. വനിതാ പോലിസ് ഉദ്യോഗസ്ഥയെ അപമാനിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

നേരത്തെ ജിഗ്‌നേഷ് പോലിസ് കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് ദിവസം ഇത്തരമൊരു ആരോപണം ഉയര്‍ന്നുവന്നിരുന്നില്ല. ഇന്നലെ കോടതിയിലും പോലിസ് ഇക്കാര്യം പറഞ്ഞിരുന്നില്ല. അതുകൊണ്ട് പോലിസ് നീക്കത്തില്‍ സംശയമുണ്ടെന്ന് ജിഗ്‌നേഷിന്റെ അഭിഭാഷകന്‍ അന്‍ഷുമാന്‍ ബോറ പ്രതികരിച്ചു. മേവാനിയെ ചൊവ്വാഴ്ച ബാര്‍പേട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പറഞ്ഞ ബോറ, ഇനി അവിടെ ജാമ്യത്തിനായി നീങ്ങുമെന്നും വ്യക്തമാക്കി.

മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുകളുടെ പേരില്‍ ബുധനാഴ്ച അറസ്റ്റ് ചെയ്ത മേവാനിക്ക് കൊക്രജാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലിരിക്കെ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ പലന്‍പൂരില്‍ നിന്ന് ആദ്യ കേസില്‍ അറസ്റ്റ് ചെയ്ത് വിമാനത്തിലാണ് ജിഗ്‌നേഷിനെ അസമിലെത്തിച്ചത്. ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്ന് കൊക്രജാറിലേക്ക് കൊണ്ടുപോവുന്ന വഴിയില്‍ പോലിസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞതായും കാറിന്റെ സീറ്റിലേക്ക് തള്ളിയിട്ടെന്നുമാണ് പരാതി. കേസില്‍ ബര്‍പ്പെട്ട കോടതി ജിഗ്‌നേഷിനെ അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ് മേവാനി.

Next Story

RELATED STORIES

Share it