India

ഒരു മാസത്തിനിടെ വിധി പറയാനിരിക്കുന്നത് രാജ്യത്തെ പിടിച്ചുകുലുക്കിയ മൂന്നു കേസുകളില്‍

ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസ്, ശബരിമല സ്ത്രീ പ്രവേശന കേസ്, റഫാല്‍ അഴിമതി കേസ് എന്നിവയിലാണ് വിരമിക്കുന്നതിന് മുമ്പ് ലഭിക്കുന്ന 18 പ്രവര്‍ത്തി ദിനങ്ങള്‍ ഉപയോഗിച്ച് ഗൊഗോയിക്ക് വിധി പറയാനുള്ളത്.

ഒരു മാസത്തിനിടെ വിധി പറയാനിരിക്കുന്നത് രാജ്യത്തെ പിടിച്ചുകുലുക്കിയ മൂന്നു കേസുകളില്‍
X

ന്യൂഡല്‍ഹി: വിരമിക്കാന്‍ കേവലം 33 ദിവസം മാത്രം ബാക്കിനില്‍ക്കേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുന്നിലുള്ളത് രാജ്യത്തെ പിടിച്ചുകുലുക്കിയ മൂന്നു സുപ്രധാന കേസുകള്‍. ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസ്, ശബരിമല സ്ത്രീ പ്രവേശന കേസ്, റഫാല്‍ അഴിമതി കേസ് എന്നിവയിലാണ് വിരമിക്കുന്നതിന് മുമ്പ് ലഭിക്കുന്ന 18 പ്രവര്‍ത്തി ദിനങ്ങള്‍ ഉപയോഗിച്ച് ഗൊഗോയിക്ക് വിധി പറയാനുള്ളത്. രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസും റോഹിന്‍ഗ്യകളെ നാടുകടത്തുന്നതു സംബന്ധിച്ച കേസും അദ്ദേഹത്തിന് മുന്നിലുണ്ട്.

ബാബരി മസ്ജിദ് നിലനില്‍ക്കുന്ന 2.77 ഏക്കര്‍ ഭൂമിക്കു വേണ്ടി അവകാശവാദമുന്നയിച്ചുള്ള കേസില്‍ നിര്‍മോഹി അഖാഢയും രാംലല്ലയും സുന്നി വഖ്ഫ് ബോര്‍ഡുമാണ് പ്രധാന കക്ഷികള്‍. കോടതിക്കു പുറത്തുള്ള അനുരഞ്ജന ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 6ന് ആണ് കേസില്‍ അന്തിമ വാദംകേള്‍ക്കല്‍ ആരംഭിച്ചത്. ഒക്ടോബര്‍ 17ന് വാദംകേള്‍ക്കല്‍ അവസാനിക്കും. രാജ്യത്തെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയെഴുതിയ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ വിധി എഴുതാന്‍ അഞ്ച് ജഡ്ജിമാര്‍ക്ക് പിന്നീട് ലഭിക്കുക കേവലം 13 പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമായിരിക്കും. നിയമത്തിന് അപ്പുറത്ത് വിശ്വാസവും ഐതിഹ്യവുമൊക്കെ കൂടിക്കലര്‍ന്ന കേസിലുള്ള വിധി വലിയ കോളിളക്കത്തിന് തന്നെ വഴിവച്ചേക്കാം. കേസില്‍ 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ അനുകൂലിച്ച് ഭൂമി വിഭജിച്ച് നല്‍കി സമവായത്തിന് ശ്രമിക്കുമോ അതോ ഏതെങ്കിലും ഒരു വിഭാഗത്തിന് ഭൂമി വിട്ടുനല്‍കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം ഉപയോഗിച്ച് അധികാരത്തിലേറിയ ബിജെപിയാണ് കേന്ദ്രത്തിലും യുപിയിലും അധികാരത്തിലിരിക്കുന്നതെന്നതിനാല്‍ വിധിയോടുള്ള അവരുടെ പ്രതികരണം എന്തായിരിക്കുമെന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്.

കേരളീയരെ വിശ്വാസത്തിന്റെ പേരില്‍ വിഭജിക്കാന്‍ സംഘപരിവാരം സമര്‍ത്ഥമായി ഉപയോഗിച്ച ശബരിമല സ്ത്രീപ്രവേശന കേസാണ് വിധി പറായിനിരിക്കുന്നതില്‍ മറ്റൊന്ന്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ കോളിളക്കമുണ്ടാക്കിയ മറ്റൊരു വിധി ഉണ്ടായിട്ടില്ല. 10നും 50നു ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം അനുവദിച്ച്‌കൊണ്ട് 2018 സ്പ്തംബര്‍ 28ന് ആയിരുന്നു സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ ശബരിമല തന്ത്രിയുടേത് ഉള്‍പ്പെടെ 60ലേറെ പുനപ്പരിശോധനാ ഹരജികളാണ് പരിഗണനയില്‍ ഉള്ളത്. കേരള സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നായര്‍ സര്‍വീസ് സൊസൈറ്റി തുടങ്ങിയവരൊക്കെ കേസില്‍ കക്ഷികളാണ്. കഴിഞ്ഞ ഫെബ്രുവരി 6ന് ആയിരുന്നു പുനപ്പരിശോധനാ ഹരജികളില്‍ തുറന്ന കോടതി വാദംകേട്ടത്. അതിനു ശേഷമുണ്ടായ എട്ടു മാസത്തിനിടെ നടന്ന ജനവിധികളില്‍ ഉള്‍പ്പെടെ ശബരിമല സ്വാധീനം ചെലുത്തി. ഇപ്പോള്‍ നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനും ബിജെപിക്കും ശബരിമല പ്രധാന വിഷയമാണ്.

പുനപ്പരിശോധനാ ഹരജി അനുവദിക്കുകയാണെങ്കില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള വിധി മരവിപ്പിക്കപ്പെടും. വിഷയം വീണ്ടും വിശാല ബെഞ്ച് പരിഗണിക്കും. തള്ളുകയാണെങ്കില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള വിധി സ്ഥായിയായി നിലനില്‍ക്കുകയും രാഷ്ട്രീയ വിവാദം വീണ്ടും കൊഴുക്കുകയും ചെയ്യും.

ഒന്നാം മോദി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ വിഷയമായ റഫാല്‍ അഴിമതിയാണ് രഞ്ജന്‍ ഗൊഗോയിയുടെ മുന്നിലുള്ള മറ്റൊരു കേസ്. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന കോണ്‍ഗ്രസ് മുദ്രാവാക്യം ഉടലെടുത്തത് തന്നെ ഈ കേസിനെ ചുറ്റിപ്പറ്റിയായിരുന്നു.

2018 ഡിസംബര് 14ന് സുപ്രിം കോടതി നടത്തിയ ഇടപെടലായിരുന്നു ഈ പ്രചാരണത്തിന്റെ മുനയൊടിച്ചത്. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി കോടതി തള്ളുകയായിരുന്നു. ഇതിനു ശേഷമാണ് ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ ലംഘിച്ച് ഇടപെട്ടു എന്ന് തെളിയിക്കുന്ന രേഖകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഈ രേഖകള്‍ കൂടി പരിശോധിച്ചതിന് ശേഷമാണ് പുനപ്പരിശോധനാ ഹരജികളില്‍ കോടതി വിധി പറയാന്‍ പോകുന്നത്. പുനപ്പരിശോധനാ ഹരജി അംഗീകരിക്കുകയാണെങ്കില്‍ റഫാല്‍ വീണ്ടും മോദി സര്‍ക്കാരിനെ വേട്ടയാടുമെന്ന കാര്യം ഉറപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍പരാജയത്തെ തുടര്‍ന്ന് മരവിച്ച് കിടക്കുന്ന കോണ്‍ഗ്രസിന് പുതിയ ഊര്‍ജം പകരാനും അത് കാരണമായേക്കും.

കൂട്ടക്കുരുതി ഭയന്ന മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത 40,000 പേരുടെ ഭാവി തീരുമാനിക്കുന്നതും രഞ്ജന്‍ ഗൊഗോയിയുടെ വിധി ആയിരിക്കും. ഇവരെ നാടുകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it