India

തിരഞ്ഞെടുപ്പിനു മുമ്പ് യുദ്ധമുണ്ടാവുമെന്ന് രണ്ടുവര്‍ഷം മുമ്പ് ബിജെപി പറഞ്ഞിരുന്നതായി മുന്‍ സഖ്യകക്ഷി നേതാവ്

ഇന്ത്യ-പാക് സംഘര്‍ഷത്തെയും സൈനിക നടപടിയെയും ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നതായി ആരോപണമുയരുന്നതിനിടെയാണ് ബിജെപിയുടെ സഖ്യകക്ഷിയുടെ നേതാവായിരുന്നയാള്‍ തന്നെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്

തിരഞ്ഞെടുപ്പിനു മുമ്പ് യുദ്ധമുണ്ടാവുമെന്ന് രണ്ടുവര്‍ഷം മുമ്പ് ബിജെപി പറഞ്ഞിരുന്നതായി മുന്‍ സഖ്യകക്ഷി നേതാവ്
X

അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് യുദ്ധമുണ്ടാവുമെന്ന് രണ്ടു വര്‍ഷം മുമ്പേ തന്നോട് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നതായി തെലുങ്ക് ചലച്ചിത്രതാരവും ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായിരുന്ന ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ പറഞ്ഞു. കടപ്പ ഡില്ലയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പവന്‍ കല്ല്യാണിന്റെ പരാമര്‍ശം. ഇതില്‍ നിന്നു തന്നെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാം. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് ഇന്ത്യക്കും പാകിസ്താനും നാശം വിതയ്ക്കുക മാത്രമാണ് ചെയ്യുക. തങ്ങള്‍ മാത്രമാണ് ദേശാഭിമാനികള്‍ എന്നാണ് ബിജെപിക്കാര്‍ പറയുന്നത്. ദേശാഭിമാനം ആരഹുടെയും കുത്തകയല്ല. ബിജെപിക്കാരേക്കാള്‍ ഞങ്ങള്‍ 10 മടങ്ങ് ദേശാഭിമാനികളാണ്. മുസ്്‌ലിംകള്‍ക്ക് ആരുടെയും ദേശാഭിമാന സര്‍ട്ടിഫിക്കറ്റ് വേണ്ട. മുസ് ലിംകള്‍ക്കും രാജ്യത്ത് തുല്യാവകാശങ്ങളുണ്ട്. പാകിസ്താനിലെ ഹിന്ദുക്കളുടെ കാര്യം എന്താണെന്ന് എനിക്കറിയില്ല. എന്നാല്‍, ഇവിടുത്തെ മുസ്‌ലിംകള്‍ രാജ്യത്തിന്റെ ഹൃദയത്തിലാണു ജീവിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാക്കി. എപിജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതിയാക്കി. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ തടയണമെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ ഇളയ സഹോദരനായ പവന്‍ കല്യാണ്‍ 2014ലാണ് ജന സേന പാര്‍ട്ടി രൂപീകരിച്ചത്. 2008ല്‍ പ്രജാരാജ്യം എന്ന പാര്‍ട്ടി രൂപീകരിച്ച ചിരഞ്ജീവി പിന്നീട് പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. പ്രജാരാജ്യത്തിലൂടെ രാഷ്ട്രീയപ്രവേശനം നേടിയ പവന്‍ കല്യാണ്‍ ചിരഞ്ജീവിയുമായി തെറ്റിപ്പിരിഞ്ഞാണ് ജനസേന രൂപീകരിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തെയും സൈനിക നടപടിയെയും ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നതായി ആരോപണമുയരുന്നതിനിടെയാണ് ബിജെപിയുടെ സഖ്യകക്ഷിയുടെ നേതാവായിരുന്നയാള്‍ തന്നെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്.




Next Story

RELATED STORIES

Share it