India

'ബ്ലാക്ക് ഹോള്‍' ചരിത്രദൗത്യത്തിന് പിന്നിലും മലയാളിയുടെ കൈയൊപ്പ്

ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് തിരുവഞ്ചേരിയില്‍ ധന്യ ജി നായരാ (27) ണ് മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയത്. ചിത്രത്തിന്റെ തെളിച്ചം, ഊഷ്മാവ് എന്നിവ പരിശോധിക്കുന്ന മോഡല്‍ ഫിറ്റിങ് ടീമിലായിരുന്നു ധന്യ. 40 രാജ്യങ്ങളില്‍നിന്നുള്ള 200 അംഗ ശാസ്ത്രസംഘത്തിലെ ഏകമലയാളി സാന്നിധ്യമാണ് ധന്യ.

ബ്ലാക്ക് ഹോള്‍ ചരിത്രദൗത്യത്തിന് പിന്നിലും മലയാളിയുടെ കൈയൊപ്പ്
X

കോഴിക്കോട്: ലോകത്ത് ആദ്യമായി തമോഗര്‍ത്തത്തിന്റെ (ബ്ലാക്ക് ഹോള്‍) ചിത്രം പകര്‍ത്തിയ ചരിത്രദൗത്യത്തില്‍ പങ്കാളിയായി മലയാളി ശാസ്ത്രജ്ഞയും. ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് തിരുവഞ്ചേരിയില്‍ ധന്യ ജി നായരാ (27) ണ് മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയത്. ചിത്രത്തിന്റെ തെളിച്ചം, ഊഷ്മാവ് എന്നിവ പരിശോധിക്കുന്ന മോഡല്‍ ഫിറ്റിങ് ടീമിലായിരുന്നു ധന്യ. 40 രാജ്യങ്ങളില്‍നിന്നുള്ള 200 അംഗ ശാസ്ത്രസംഘത്തിലെ ഏകമലയാളി സാന്നിധ്യമാണ് ധന്യ. ഒമ്പതോളം നക്ഷത്രസമൂഹങ്ങളിലെ തമോഗര്‍ത്തങ്ങളെക്കുറിച്ച് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സാജിറ്റാരിസ് എന്ന നക്ഷത്രസമൂഹത്തിലെ തമോഗര്‍ത്തത്തിന്റെ ചിത്രം ഉടന്‍ പകര്‍ത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ധന്യ പ്രതികരിച്ചു.

തമോഗര്‍ത്ത ചിത്രത്തിന്റെ പിറകിലുള്ള ടീമില്‍ ഒരാളാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ധന്യ പറഞ്ഞു. പൂനെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് ആസ്‌ട്രോ ഫിസിക്‌സില്‍നിന്ന് മൂന്നാം റാങ്കോടെ എംഎസ്എസി അസ്‌ട്രോ ഫിസിക്‌സ് പൂര്‍ത്തിയാക്കിയ ധന്യ ജര്‍മനിയില്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റേഡിയോ അസ്‌ട്രോണമിയില്‍നിന്ന് പിഎച്ച്ഡി നേടിയത് ഉയര്‍ന്ന ഗ്രേഡിലായിരുന്നു. മാന്നാര്‍ ശ്രീഭുവനേശ്വരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാന്നാര്‍ നായര്‍ സമാജം എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍നിന്ന് ബിഎസ്‌സി ഫിസിക്‌സ ബിരുദമെടുത്തശേഷം പൂനെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ആസ്‌ട്രോ ഫിസിക്‌സ് പ്രോജക്ടുകള്‍ ചെയ്തു. ജര്‍മനിയിലെ ബോണിലെ മാക്‌സ്പ്ലാങ്ക് വാഴ്‌സിറ്റിയില്‍നിന്നാണ് പിഎച്ച്ഡി നേടിയത്. ഫെബ്രുവരി മുതല്‍ നെതര്‍ലന്‍ഡ്‌സിലെ ജോയിന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വിഎല്‍ബിഐ എറിക്കില്‍ പോസ്റ്റ്‌ഡോക്‌ഡോറല്‍ സ്‌കോളറായി ജോലിചെയ്യുകയാണ്. എട്ട് രാജ്യങ്ങളില്‍ സ്ഥാപിച്ച ടെലസ്‌കോപ്പുകളുടെ ശൃംഖലയുപയോഗിച്ചാണ് ചിത്രം പകര്‍ത്തിയത്.

എട്ട് ടെലിസ്‌കോപ്പുകള്‍ പിടിച്ചെടുത്ത വിവരങ്ങളെല്ലാംകൂടി ശേഖരിച്ചത് നൂറുകണക്കിന് ഹാര്‍ഡ് ഡ്രൈവുകളില്‍. തുടര്‍ന്ന് ബ്ലാക്ക് ഹോളിന്റെ ചിത്രത്തിന് പിന്നിലെ യുവശാസ്ത്രജ്ഞ കാറ്റി ബോമന്‍ വികസിപ്പിച്ചെടുത്ത അല്‍ഗോരിതം അടിസ്ഥാനമാക്കി യുഎസ്സിലെ ബോസ്റ്റണിലും ജര്‍മനിയിലെ ബോണിലും ശാസ്ത്രജ്ഞര്‍ ഈ വിവരങ്ങള്‍ ക്രോഡീകരിച്ചശേഷമാണ് തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തിയത്. ചെറുപ്പം മുതല്‍ പഠനത്തില്‍ മിടുക്കിയായിരുന്നു ധന്യ. പ്ലസ്ടുവില്‍ 600ല്‍ 594 മാര്‍ക്ക് നേടിയ ഈ മിടുക്കി എംജിയില്‍നിന്ന് മൂന്നാം റാങ്കോടെയാണ് ബിരുദം നേടിയത്. ബിരുദാനന്തര ബിരുദത്തിലും മൂന്നാം റാങ്ക് സ്വന്തമാക്കി. എല്‍ഐസി ഏജന്റും ജില്ലാ സഹകരണ ബാങ്ക് മാന്നാര്‍ ശാഖയിലെ കലക്ഷന്‍ ഏജന്റുമായ തിരുവഞ്ചേരില്‍ ടി എസ് ഗോപാലകൃഷ്ണന്‍നായരുടെയും സരസ്വതി ജി നായരുടെയും ഇളയമകളാണ് ധന്യ. സഹോദരങ്ങളായ ഡോ. ടി ജി ഗോപകുമാര്‍ പുനെ ഐഐടിയില്‍ പ്രഫസറും ശ്യാംജി നായര്‍ ഡല്‍ഹിയില്‍ ഫാഷന്‍ ഡിസൈനറും സ്‌റ്റൈലിസ്റ്റുമാണ്.

Next Story

RELATED STORIES

Share it