India

വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ തന്നെ ആദ്യ ഫലസൂചന അറിയാം. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും.

വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍
X

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ തന്നെ ആദ്യ ഫലസൂചന അറിയാം. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. രണ്ടുമണിയോടെ ഫലപ്രഖ്യാപനമുണ്ടാകും. വിവിപാറ്റുകള്‍ എണ്ണിയശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണലിനു പുറമേ ഹരിയാന, മഹാരാഷ്ട്ര നിയമഭാ ഫലങ്ങളും ഇന്നറിയാം.

മഞ്ചേശ്വരത്ത് ഗവ. എച്ച്എസ് പൈവളികെ നഗര്‍, എറണാകുളത്ത് മഹാരാജാസ് കോളജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍എസ്എസ് കോളജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ്, വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്റ് മേരീസ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണു വോട്ടെണ്ണല്‍.

വോട്ടെണ്ണല്‍ ഇങ്ങനെ

രാവിലെ എട്ടിന് തപാല്‍ വോട്ടുകള്‍ ഒരു ടേബിളില്‍ എണ്ണിത്തുടങ്ങും. അപ്പോള്‍ തന്നെ സ്‌ട്രോങ് റൂമില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണുന്ന 14 മേശകളിലേക്ക് മാറ്റിത്തുടങ്ങും. ഒരു റൗണ്ടില്‍ 14 മെഷീനുകള്‍ എണ്ണും. ഇങ്ങനെ 12 റൗണ്ടുകളിലൂടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും ജയപരാജയങ്ങള്‍ ഉച്ചയോടെ തന്നെ പുറത്തറിയും.

നിയമസഭയിലെ നിലവിലെ കക്ഷിനില

എല്‍ഡിഎഫ് 91

യുഡിഎഫ് 42

എന്‍ഡിഎ 2

എന്‍എസ്എസ്എസ്, എന്‍ഡിപി, ഓര്‍ത്തോക്‌സ് നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ഉപതിരഞ്ഞെടുപ്പ് കേരളത്തിന്റെ സാമുദായിക രാഷ്ട്രീയ രംഗത്തും ചൂണ്ടുപലകയാണ്.

ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാണയിലും വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കുമ്പോള്‍ ബിജെപി തികഞ്ഞ പ്രതീക്ഷയിലാണ്. അഭിപ്രായവോട്ടെടുപ്പുകളും എക്‌സിറ്റ് പോളുകളും ഇരുസംസ്ഥാനങ്ങളിലും ബിജെപി സഖ്യത്തിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ തമ്മിലടിയും നേതൃരാഹിത്യവും നേതാക്കളുടെ കൊഴിഞ്ഞുപോക്കുമാണ് ബിജെപിയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 51 നിയമസഭാമണ്ഡലങ്ങളിലേക്കും രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. 11 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശാണ് ഇതില്‍ പ്രധാനം.

നിലവിലെ കക്ഷിനില

1. മഹാരാഷ്ട്ര (ആകെ 288)

ബിജെപി 122

ശിവസേന 63

കോണ്‍ഗ്രസ് 42

എന്‍സിപി 41

സിപിഎം 1

മറ്റുള്ളവര്‍ 19

2. ഹരിയാന (ആകെ 90)

ബിജെപി 47

ഐഎന്‍എല്‍ഡി 19

കോണ്‍ഗ്രസ് 15

മറ്റുള്ളവര്‍ 9

Next Story

RELATED STORIES

Share it