India

സിഎഎ; തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹരജിക്കാര്‍ സുപ്രിംകോടതിയില്‍

വിഷയം തത്കാലം അവഗണിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

സിഎഎ;  തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹരജിക്കാര്‍ സുപ്രിംകോടതിയില്‍
X
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രിംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹരജിക്കാര്‍. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെടും. സിഎഎക്കെതിരായ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്നാണ് വിമര്‍ശനം. വിഷയം തത്കാലം അവഗണിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഇന്നലെ 14 പേര്‍ക്കാണ് പൗരത്വം നല്‍കാന്‍ തീരുമാനമായത്. പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് വിതരണം ചെയ്തത്. 300 പേര്‍ക്ക് ഓണ്‍ലൈനായി പൗരത്വം നല്‍കാനാണ് നീക്കം. സിഎഎക്കെതിരെ 237 ഹരജികളാണ് കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഹരജികള്‍ പരിഗണിക്കുന്നത്. കോടതി വേനല്‍ക്കാല അവധിയിലേക്ക് പോകാനിരിക്കെ ഹരജികള്‍ ഇന്ന് പരിഗണിക്കുമോയെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അര്‍ഹരായ എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കും എന്നാണ് പ്രതികരിച്ചത്. എത്ര അപേക്ഷകള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

2019ല്‍ കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമത്തിന്റെ ചട്ടങ്ങള്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. ഇതിനു പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉണ്ടായത്. അപേക്ഷള്‍ പരിഗണിക്കാന്‍ ജില്ലാതല സമിതിയും ഇത് പരിശോധിക്കാന്‍ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിര്‍ദേശം. പൗരത്വം നല്കുന്നത് സെന്‍സസ് ഡയറക്ടര്‍ ജനറല്‍ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിരുന്നില്ല.

രാജസ്ഥാന്‍, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് തുടക്കത്തില്‍ പൗരത്വം നല്കിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് വന്ന അഭയാര്‍ത്ഥികളാണ് തുടക്കത്തില്‍ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതല്‍ അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചു കൊടുക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മുസ്ലിം ലീഗും കേരള സര്‍ക്കാരും സിഎഎ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിട്ടുണ്ട്. ഹരജികളില്‍ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. അതിനിടെയാണ് സര്‍ക്കാര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയിരിക്കുന്നത്. അവസാന ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിഎഎ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.


Next Story

RELATED STORIES

Share it