India

യുപിഎസ്‌സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍; 'ബൈജൂസ് ആപ്പ്' ഉടമ ബൈജു രവീന്ദ്രനെതിരേ കേസെടുത്ത് മുംബൈ പോലിസ്

ജൂലൈ 30 നാണ് ആരെ കോളനി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന 120 (ബി), വിവരസാങ്കേതിക നിയമത്തിലെ 69 (എ) എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.

യുപിഎസ്‌സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍; ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരേ കേസെടുത്ത് മുംബൈ പോലിസ്
X

മുംബൈ: പ്രമുഖ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരേ മുംബൈ പോലിസ് കേസെടുത്തു. യുപിഎസ്‌സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ക്രിമിയോഫോബിയ എന്ന ക്രിമിനോളജി കമ്പനിയാണ് പരാതി നല്‍കിയത്. ജൂലൈ 30 നാണ് ആരെ കോളനി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന 120 (ബി), വിവരസാങ്കേതിക നിയമത്തിലെ 69 (എ) എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.

യുനൈറ്റഡ് നേഷന്‍സ് ട്രാന്‍സ്‌നേഷനല്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ (യുഎന്‍ടിഒസി) നോഡല്‍ ഏജന്‍സിയാണ് ഇന്ത്യയിലെ സിബിഐ എന്ന് ബൈജൂസ് തങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇത് ശരിയല്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ പാഠ്യപദ്ധതി കണ്ട് തെറ്റായ വിവരങ്ങള്‍ മാറ്റണെമെന്നാവശ്യപ്പെട്ട് ബൈജൂസിനെ സമീപിച്ചിരുന്നതായി ക്രിമിയോഫോബിയ സ്ഥാപകന്‍ സ്‌നേഹില്‍ ധാല്‍ പറയുന്നു.

എന്നാല്‍, സിബിഐ നോഡല്‍ ഏജന്‍സിയാണെന്ന് കാണിച്ച് ബൈജൂസ് ചില രേഖകള്‍ അയച്ചുനല്‍കി. അതിലെ തിയ്യതി 2012 ആയിരുന്നു. തങ്ങള്‍ യുഎന്‍ടിഒസിയെ സമീപിച്ചെങ്കിലും സിബിഐ നോഡല്‍ ഏജന്‍സിയല്ലെന്നാണ് അവര്‍ രേഖാമൂലം വ്യക്തമാക്കിയത്. 2016ല്‍ സിബിഐ തന്നെ തങ്ങള്‍ യുഎന്‍ടിഒസിയുടെ നോഡല്‍ ഏജന്‍സി അല്ലെന്ന് വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തെറ്റായ വിവരങ്ങള്‍ ഉദ്യോഗാര്‍ഥിക്ക് നല്‍കുന്നതില്‍ ബൈജൂസിനെതിരേ ക്രിമിയോഫോബിയ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it