India

കാവേരി പ്രശ്‌നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44 വിമാനങ്ങള്‍

സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും വെള്ളിയാഴ്ച നടത്തില്ലെന്നും അറിയിച്ചു.

കാവേരി പ്രശ്‌നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44 വിമാനങ്ങള്‍
X
ബെംഗളൂരു: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദിനെത്തുടര്‍ന്ന് 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുംബൈ, കൊല്‍ക്കത്ത, മംഗളൂരു റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയത്. കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 22 വിമാന സര്‍വീസുകളും വിമാനത്താവളത്തിലേക്കുള്ള 22 വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ 50 അംഗങ്ങളെ കര്‍ണാടക പോലിസ് തടവിലാക്കിയിട്ടുണ്ട്.

കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ കന്നഡ-കര്‍ഷക സംഘടനകളുടെ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. വെള്ളിയാഴ്ച ഹാസന്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അവധി പ്രഖ്യാപിച്ചു. ബന്ദ് കണക്കിലെടുത്ത് സംസ്ഥാനത്തൊട്ടാകെ 80,000 പോലിസുകാരെ സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചു. 1900 ത്തോളം വരുന്ന അസോസിയേഷനുകള്‍ ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തി. ആശുപത്രികള്‍, ആംബുലന്‍സ്, മെഡിക്കല്‍ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാം ബന്ദില്‍ അടഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച കന്നഡ സിനിമാപ്രവര്‍ത്തകരും സമരക്കാരെ അനുകൂലിച്ച് രംഗത്തെത്തി. കന്നഡ നടന്‍മാരായ ശിവരാജ്കുമാര്‍, ധ്രുവ സര്‍ജ, പ്രജ്വല്‍ ദേവരാജ്, അജയ് റാവു എന്നിവര്‍ വെള്ളിയാഴ്ചത്തെ ബന്ദില്‍ അണിനിരക്കുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എന്‍.എം. സുരേഷ് അറിയിച്ചു ബെംഗളൂരുവില്‍ റാലി നടത്തുമെന്നും അറിയിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും വെള്ളിയാഴ്ച നടത്തില്ലെന്നും അറിയിച്ചു.


തമിഴ്നാടിന് ജലം വിട്ടുകൊടുക്കുന്നതിനെതിരേ മാണ്ഡ്യയിലെ കാവേരീനദിക്കരയില്‍ കന്നഡ സംഘടനാപ്രവര്‍ത്തകരും കര്‍ഷകരും പ്രതിഷേധിച്ചു. ജലം വിട്ടുകൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുനേരെ പ്രതിഷേധം മുഴക്കി. കാവേരി വിഷയത്തില്‍ വേണ്ടരീതിയില്‍ ഇടപെടാത്തതില്‍ സംസ്ഥാനത്തെ എം.പി.മാര്‍ക്കെതിരേ ബെംഗളൂരുവില്‍ വനിതകളുടെ പ്രതിഷേധം നടന്നു. കര്‍ണാടക രക്ഷണ വേദികെയുടെ വനിതാവിഭാഗമാണ് പ്രതിഷേധം നടത്തിയത്. എം.പി.മാരുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകരെത്തിയത്.






Next Story

RELATED STORIES

Share it