India

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ എണ്ണം 98 ആയി

ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ എണ്ണം 98 ആയി
X

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കന്‍ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്.കുക്കികള്‍ക്ക് സ്വാധീനമുള്ള ഖാന്‍പോപി ജില്ലയുടേയും മെയ്‌തേയി വിഭാഗത്തിന് സ്വാധീനമുള്ള ഇംഫാല്‍ ഈസ്റ്റ് ജില്ലക്കും ഇടയിലാണ് വെടിവെപ്പുണ്ടായ ഗ്രാമം. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്.ആര്‍മി വേഷത്തിലെത്തിയ ഒരു സംഘം ആളുകള്‍ ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേയ്‌തേയി വിഭാഗമാണ് അക്രമത്തിന് പിന്നിലെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു.

അതിനിടെ മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റര്‍ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.


അതേ സമയം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98 ആയെന്ന് റിപ്പോര്‍ട്ട്. 310 പേര്‍ക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഭൂരിഭാഗം ജില്ലകളിലും തുടര്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5 ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിക്കുകയും 11 ജില്ലകളില്‍ കര്‍ഫ്യൂ ഇളവ് നല്‍കുകയും ചെയ്തു.





Next Story

RELATED STORIES

Share it