India

തൊഴിലാളികളുടെ കൂട്ടപ്പലായനം; സുപ്രിംകോടതി കേന്ദ്രത്തോട് റിപോര്‍ട്ട് തേടി

. തൊഴിലാളികളുടെ നിലവിലെ സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

തൊഴിലാളികളുടെ കൂട്ടപ്പലായനം; സുപ്രിംകോടതി കേന്ദ്രത്തോട് റിപോര്‍ട്ട് തേടി
X

ന്യൂഡല്‍ഹി: കൊറോണ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ നടത്തുന്ന കൂട്ടപ്പലായനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് റിപോര്‍ട്ട് തേടി. ചൊവ്വാഴ്ച തന്നെ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. തൊഴിലാളികളുടെ നിലവിലെ സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ലോകത്ത് പടര്‍ന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസിന്റെ ഭീഷണിക്കുപരിയായി ജനങ്ങളുടെ ഭയവും ആശങ്കയുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

കൊറോണയേക്കാള്‍ വലിയ പ്രശ്‌നമായി പരിഭ്രാന്തിയിലും ഭയത്തിലുംനിന്ന് തൊഴിലാളികളുടെ കുടിയേറ്റം മാറുകയാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളില്‍ ഇടപെടാന്‍ തല്‍ക്കാലം കോടതിയ്ക്ക് ഉദ്ദേശമില്ല. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന പല കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കി കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച പ്രശ്‌നം കൂടുതല്‍ വഷളാക്കാനില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം, ശ്രീവാസ്തവയുടെ ഹരജി കൂടാതെ തൊഴിലാളികളുടെ കാര്യത്തില്‍ സുപ്രിംകോടതിയുടെ ഇപെടല്‍ ആവശ്യപ്പെട്ട് മറ്റൊരു ഹരജി കൂടി സമര്‍പ്പിക്കപ്പെട്ടിരുന്നു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെ അപര്യാപ്തത കാരണമാണ് കുടിയേറിയ നഗരങ്ങളില്‍നിന്ന് തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നതെന്ന് ഹരജികളില്‍ സൂചിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് എല്‍ നാഗേശ്വരറാവുവും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഈ ഹര്‍ജികള്‍ പരിഗണിച്ചത്. കേന്ദ്രത്തിന്റെ റിപോര്‍ട്ട് ലഭിക്കുന്നത് വരാന്‍ കാത്തിരിക്കാനും ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ തൊഴിലാളികളുടെ പലായനം തടയണമെന്നും തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ക്ഷേമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഹരജി ചൊവ്വാഴ്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it