India

അരവിന്ദ് കെജരിവാളിനോട് നേരിട്ട് ഹാജരാകാന്‍ കോടതി

അരവിന്ദ് കെജരിവാളിനോട് നേരിട്ട് ഹാജരാകാന്‍ കോടതി
X

ന്യൂഡല്‍ഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മേധാവിയുമായ അരവിന്ദ് കെജരിവാളിന് സമന്‍സ് അയച്ച് ഡല്‍ഹി കോടതി. മാര്‍ച്ച് 16ന് നേരിട്ട് ഹാജരാകാനാണ് കെജ്രിവാളിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നിലധികം സമന്‍സുകള്‍ ഒഴിവാക്കിയതിന് പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ പുതിയ പരാതിയിലാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (എസിഎംഎം) കോടതി ജഡ്ജി ദിവ്യ മല്‍ഹോത്രയുടെ ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രകാരം കെജരിവാള്‍ 4 മുതല്‍ 8 വരെയുള്ള സമന്‍സുകള്‍ മാനിക്കാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരാതി നല്‍കിയത്. കേസ് വീണ്ടും മാര്‍ച്ച് 16-ന് വാദം കേള്‍ക്കും.

ആദ്യത്തെ മൂന്ന് സമന്‍സുകളില്‍ ഹാജരാകാത്തതിന് കെജ്രിവാളിനെതിരെ നടപടി ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. എക്സൈസ് പോളിസി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കെജ്രിവാളിന്റെ പേര് ഒന്നിലധികം തവണ പരാമര്‍ശിച്ചിട്ടുണ്ട്. 2021-22 ലെ എക്സൈസ് നയം തയ്യാറാക്കുന്നത് സംബന്ധിച്ച് പ്രതികള്‍ കെജ്രിവാളുമായി ബന്ധപ്പെട്ടിരുന്നതായി ഏജന്‍സി അറിയിച്ചു. ഇതുവരെ, ഈ കേസില്‍ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് വിജയ് നായര്‍, ചില മദ്യ വ്യവസായികള്‍ എന്നിവരെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം താന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുന്നത് നിര്‍ത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍ പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളെ ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബന്ധിതരാക്കുന്നു. ഇതുവരെ ഇ.ഡിയുടെ എട്ട് സമന്‍സുകള്‍ തള്ളിയ ഡല്‍ഹി മുഖ്യമന്ത്രി ഒരു എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.






Next Story

RELATED STORIES

Share it