India

ദലിത് യുവതിയുടെ മരണം; നീതി ലഭിച്ചില്ലെങ്കില്‍ രാജിവയ്ക്കും; പൊട്ടിക്കരഞ്ഞ് സമാജ് വാദി പാര്‍ട്ടി എം പി

ദലിത് യുവതിയുടെ മരണം; നീതി ലഭിച്ചില്ലെങ്കില്‍ രാജിവയ്ക്കും; പൊട്ടിക്കരഞ്ഞ് സമാജ് വാദി പാര്‍ട്ടി എം പി
X

ലഖ്നൗ: ഫൈസാബാദിലെ ദലിത് യുവതിയുടെ മരണത്തില്‍ നീതി കിട്ടിയില്ലെങ്കില്‍ തന്റെ പദവി രാജിവെക്കുമെന്ന് ഫൈസാബാദ് എം.പി. ആവദേശ് പ്രസാദ്. വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സമാജ് വാദി പാര്‍ട്ടി എം.പി.യായ അവദേശ് പ്രസാദ് ഇക്കാര്യം പറഞ്ഞത്.

''ഞാന്‍ ഡല്‍ഹിയിലേക്ക് പോവുകയാണ്. ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ മുന്‍പില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടും. നീതി കിട്ടിയില്ലെങ്കില്‍ ഞാന്‍ ലോക്സഭയില്‍നിന്ന് രാജിവെയ്ക്കും. പെണ്‍മക്കളെ സംരക്ഷിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുകയാണ്. ചരിത്രം എങ്ങനെയായിരിക്കും നമ്മളെ വിലയിരുത്തുക നമ്മുടെ മകള്‍ക്ക് എങ്ങനെ ഇത് സംഭവിച്ചു'' അവദേശ് പ്രസാദ് കരഞ്ഞുകൊണ്ട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലുടനീളം താന്‍ രാജിവെക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ഒപ്പമുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചത്.

അയോധ്യയിലെ മില്‍ക്കിപൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദലിത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

നേരത്തെ മില്‍ക്കിപൂരിലെ എം.എല്‍.എ.യായിരുന്നു അവദേശ് പ്രസാദ്. ഇതിനിടെയാണ് 2024-ല്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്സഭ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. അവദേശ് പ്രസാദ് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടതോടെ മില്‍ക്കിപൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കാനാരിക്കെയാണ് ദളിത് യുവതിയുടെ മരണം വലിയ ചര്‍ച്ചയായി മാറുന്നത്.

കഴിഞ്ഞദിവസം അയോധ്യയിലെ കനാലിലാണ് 22-കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും യുവതി ബലാത്സംഗത്തിനിരയായെന്നുമാണ് കുടുംബത്തിന്റെ ആരോപണം. വ്യാഴാഴ്ച രാത്രി മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് പോലിസിനെ അറിയിച്ചെങ്കിലും കുടുംബം സ്വന്തംനിലയില്‍ അന്വേഷിക്കണമെന്നായിരുന്നു പോലിസിന്റെ മറുപടി. ഇതിനുപിന്നാലെയാണ് നഗ്‌നമായനിലയില്‍ കനാലില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ടനിലയിലായിരുന്നുവെന്നും മൃതദേഹത്തില്‍നിന്ന് കണ്ണുകള്‍ നഷ്ടമായിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.




Next Story

RELATED STORIES

Share it