India

ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ റീല്‍സ് കണ്ടിരുന്നു; നെഞ്ചുവേദനയുമായെത്തിയ സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ചു

ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ റീല്‍സ് കണ്ടിരുന്നു; നെഞ്ചുവേദനയുമായെത്തിയ സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ചു
X

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയില്‍ നെഞ്ചുവേദനയുമായെത്തിയ സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ചു.മരണത്തിന് കാരണം ഡോക്ടര്‍ റീല്‍സ് കണ്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഹൃദയാഘാത ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 60കാരിയാണ് ഡോക്ടറുടെ അനാസ്ഥ കാരണം മരിച്ചത്. കടുത്ത നെഞ്ചുവേദനയുമായെത്തിയ രോഗിയെ ചികില്‍സിക്കണമെന്ന് കുടുംബാംഗങ്ങള്‍ പലവട്ടം അഭ്യര്‍ഥിച്ചെങ്കിലും ഡോക്ടര്‍ കൂട്ടാക്കിയില്ല. മെയ്ന്‍പുരിയിലെ മഹാരാജ തേജ് സിങ് ആശുപത്രിയിലാണ് കടുത്ത അനാസ്ഥയുണ്ടായത്. ഡ്യൂട്ടി ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു..

ചൊവ്വാഴ്ചയാണ് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് മകന്‍ ഗുരുശരണ്‍ സിങുമായി പ്രവേഷ്‌കുമാരി ആശുപത്രിയില്‍ എത്തിയത്. ആദര്‍ശ് സെങ്കര്‍ എന്ന ഡോക്ടറായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. അമ്മയ്ക്ക് വയ്യെന്നും ഗുരുതരാവസ്ഥയാണെന്നും അറിയിച്ചുവെങ്കിലും ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും റീല്‍സ് കണ്ടിരിക്കുകയായിരുന്നുവെന്നും ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ക്കൊടുവിലും ചികില്‍സിക്കാന്‍ തയ്യാറായില്ലെന്നും മകന്‍ ഗുരുശരണിന്റെ പരാതിയില്‍ പറയുന്നു.

അമ്മയുടെ നില വഷളായതോടെ ഗുരുശരണ്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. ഇതോടെ രോഗിയെ നോക്കാന്‍ ഡോക്ടര്‍ നഴ്‌സിനോട് നിര്‍ദേശിച്ചു. ബഹളം രൂക്ഷമായതോടെ സീറ്റില്‍ നിന്് എഴുന്നേറ്റ് വന്ന ഡോക്ടര്‍ ആദര്‍ശ് തന്നെ തല്ലിയെന്നും ഈ ബഹളങ്ങള്‍ക്കിടെ മാതാവ് ചികില്‍സ കിട്ടാതെ മരിച്ചുവെന്നും ഗുരുശരണ്‍ പറയുന്നു.

രോഗി മരിച്ചതോടെ ആശുപത്രിയില്‍ വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഡോക്ടര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലിസും അന്വേഷണം ആരംഭിച്ചു.






Next Story

RELATED STORIES

Share it