India

രാജ്യത്തെ മികച്ച 10 പോലിസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു; ഇടംപിടിക്കാതെ കേരളം

മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ നോങ്‌പോക് സെക്മായ് പോലിസ് സ്റ്റേഷനെയാണ് ഏറ്റവും മികച്ച സ്റ്റേഷനായി തിരഞ്ഞെടുത്തത്. പട്ടികയിലെ പോലിസ് സ്റ്റേഷനുകളില്‍ ഭൂരിഭാഗവും ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ളവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു.

രാജ്യത്തെ മികച്ച 10 പോലിസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു; ഇടംപിടിക്കാതെ കേരളം
X

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച 10 പോലിസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ കച്ചില്‍ ഡിജിപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ പട്ടിക പുറത്തുവിട്ടത്. മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ നോങ്‌പോക് സെക്മായ് പോലിസ് സ്റ്റേഷനെയാണ് ഏറ്റവും മികച്ച സ്റ്റേഷനായി തിരഞ്ഞെടുത്തത്. അതേസമയം, ആദ്യ പത്തില്‍ കേരളത്തില്‍നിന്നുള്ള ഒരു സ്റ്റേഷനുകളും ഇടംപിടിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ സേലത്തെ എഡബ്ല്യുപിഎസ്- സുരമംഗലം സ്റ്റേഷനാണ് രണ്ടാമത്.

അരുണാചല്‍ പ്രദേശിലെ ചാഗ്ലംങ് ജില്ലയിലെ ഖര്‍സങ് സ്റ്റേഷനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കൊവിഡ് മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് 2020 ലെ മികച്ച പോലിസ് സ്റ്റേഷനായുള്ള സര്‍വേ നടത്തിയത്. സ്വത്ത് തര്‍ക്കം, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, കാണാതായവരുടെ വിവരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഓരോ പോലിസ് സ്റ്റേഷനും കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തിലാണ് അന്തിമപട്ടിക തയ്യാറാക്കിയത്.

പട്ടികയിലെ പോലിസ് സ്റ്റേഷനുകളില്‍ ഭൂരിഭാഗവും ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമപ്രദേശങ്ങളില്‍നിന്നുമുള്ളവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു. അതാത് സ്റ്റേഷനുകളെക്കുറിച്ചുള്ള പൊതുജനാഭിപ്രായവും വിലയിരുത്തിയ ശേഷമാണ് മികച്ച പോലിസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. സര്‍വേയില്‍ 4,065 പേര്‍ പങ്കെടുത്തതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ആകെ 16,671 പോലിസ് സ്റ്റേഷനുകളില്‍നിന്ന് 75 സ്റ്റേഷനുകളെയാണ് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഇതില്‍നിന്നാണ് പത്ത് സ്റ്റേഷനുകള്‍ അടങ്ങിയ അന്തിമപട്ടിക പുറത്തിറക്കിയത്. പകര്‍ച്ചവ്യാധി കാലഘട്ടത്തില്‍ പോലും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതുമായി സഹകരിച്ചുവെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2020 ലെ ഇന്ത്യയിലെ മികച്ച 10 പോലിസ് സ്റ്റേഷനുകള്‍

1. നോങ്പോക് സെക്‌മൈ (തൗബാല്‍, മണിപ്പൂര്‍)

2. എഡബ്ല്യുപിഎസ്- സുരമംഗലം (സേലം, തമിഴ്നാട്)

3. ഖര്‍സാങ് (ചാംഗ്ലാങ്, അരുണാചല്‍ പ്രദേശ്)

4. ജില്‍മിലി (സൂരജ്പൂര്‍, ഛത്തീസ്ഗഡ്)

5. സാങ്കും (ദക്ഷിണ ഗോവ, ഗോവ)

6. കാളിഘട്ട് (വടക്ക്, മധ്യ ആന്തമാന്‍, ആന്തമാന്‍, നിക്കോബാര്‍ ദ്വീപുകള്‍)

7. പക്യോങ് (കിഴക്കന്‍ ജില്ല, സിക്കിം)

8. കാന്ത് (മൊറാദാബാദ്, ഉത്തര്‍പ്രദേശ്)

9. ഖാന്‍വേല്‍ (ദാദ്ര, നഗര്‍ ഹവേലി, ദാദ്ര, നഗര്‍ ഹവേലി)

10. ജമ്മികുന്ത ടൗണ്‍ (കരിംനഗര്‍, തെലങ്കാന)

Next Story

RELATED STORIES

Share it