India

അര്‍ഹരെങ്കില്‍ അപേക്ഷിക്കാതെ ശിക്ഷയിളവ് നല്‍കണം: സുപ്രിം കോടതി

അര്‍ഹരെങ്കില്‍ അപേക്ഷിക്കാതെ ശിക്ഷയിളവ് നല്‍കണം: സുപ്രിം കോടതി
X

ന്യൂഡല്‍ഹി: കുറ്റവാളിയുടെയോ കുടുംബത്തിന്റെയോ അപേക്ഷ ഇല്ലാതെ തന്നെ ശിക്ഷയിളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ടെന്നു സുപ്രിം കോടതി വ്യക്തമാക്കി. ശിക്ഷയ്ക്ക് ഇളവു നല്‍കുന്നതിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ പ്രത്യേക നയത്തിനു രൂപം നല്‍കിയാല്‍ അതുപ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഇളവു നല്‍കാന്‍ ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ടെന്നു ജഡ്ജിമാരായ അഭയ് എസ്.ഓക്ക, എ.ജി. മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിഷയം സ്വമേധയാ പരിഗണിച്ചുള്ള വിധിയിലാണ് ഈ നിര്‍ദേശം.

ഇളവു നല്‍കുന്നതു സംബന്ധിച്ച നയം നിലവിലുണ്ടെങ്കിലും അപേക്ഷ നല്‍കാത്തവരെ പരിഗണിക്കില്ലെന്ന സര്‍ക്കാരുകളുടെ വാദം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്നു കോടതി നിരീക്ഷിച്ചു. സര്‍ക്കാരുകള്‍ക്കു പ്രത്യേക നയം ഇല്ലാത്ത സാഹചര്യം നിയമവിരുദ്ധമായി ഇളവ് അനുവദിക്കുന്നതിന് ഇടയാക്കും. ഇത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടുമാസത്തിനകം പ്രത്യേക നയം രൂപീകരിക്കണം. ഇളവ് അനുവദിക്കുമ്പോള്‍ ന്യായമായ ഉപാധികളും വ്യവസ്ഥകളും മാത്രമേ പാടുള്ളൂ. അവ്യക്തമായ ഉപാധികള്‍ പാടില്ല.

സ്ഥിരം ഇളവോടെ ഒരാള്‍ക്ക് മോചനം അനുവദിക്കുമ്പോള്‍ സമൂഹത്തില്‍ പുനരധിവാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇളവ് റദ്ദാക്കാനുള്ള വ്യവസ്ഥ ക്രിമിനല്‍ നടപടി ചട്ടത്തിലും ഭാരതീയ ന്യായ സുരക്ഷാ സംഹിതയിലുമുണ്ട്. ഉപാധികള്‍ ലംഘിക്കുമ്പോള്‍ മാത്രമാണത്. അപ്പോള്‍ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ഇളവ് പിന്‍വലിക്കുന്നതിന് മുന്‍പ് അയാളുടെ ഭാഗം കേള്‍ക്കണം. വിധിയിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നിയമസഹായ മേല്‍നോട്ടം വഹിക്കണം. കേസില്‍ സീനിയര്‍ അഭിഭാഷക ലിസ് മാത്യു അമിക്കസ് ക്യൂറിയായി.






Next Story

RELATED STORIES

Share it