India

74ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

പതാക ഉയര്‍ത്തലിനുമുമ്പ് അദ്ദേഹം സായുധസേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. മേജര്‍ സൂര്യപ്രകാശിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നല്‍കിയത്.

74ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി
X

ന്യൂഡല്‍ഹി: രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍. ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. രാവിലെ 7.30നാണ് അദ്ദേഹം ദേശീയ പതാക ഉയര്‍ത്തിയത്. രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ദേശീയപതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തലിനുമുമ്പ് അദ്ദേഹം സായുധസേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. മേജര്‍ സൂര്യപ്രകാശിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നല്‍കിയത്.

തുടര്‍ച്ചയായി ഏഴാംതവണയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. കൊവിഡ് കര്‍ശനനിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ ആഘോഷച്ചടങ്ങ് നടക്കുക. സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനെത്തിയത്. ചെങ്കോട്ടയുടെ ലാഹോറി ഗേറ്റില്‍ ആറടി അകലം പാലിച്ചാണ് കസേരകള്‍ നിരത്തിയിരിക്കുന്നത്. നൂറില്‍ താഴെ പേര്‍ക്കുമാത്രമാണ് വേദിയില്‍ ഇരിപ്പിടമുള്ളത്. ചടങ്ങ് കാണാന്‍ എതിര്‍വശത്ത് അഞ്ഞൂറിലധികം പേര്‍ക്ക് സൗകര്യമുണ്ടായിരുന്നു.

വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലും വിരുന്നിലും നൂറോളം അതിഥികള്‍ മാത്രമേ പങ്കെടുക്കൂ. കൊവിഡ് മഹാമാരിക്കെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചാണ് 74ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിശ്ചയദാര്‍ഢ്യംകൊണ്ട് കൊവിഡിനെ മറികടക്കാമെന്നും ഈ മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it