India

70 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം; ഹൈദരാബാദ് നൈസാമിന്റെ പണം ഇന്ത്യക്ക്

70 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം; ഹൈദരാബാദ് നൈസാമിന്റെ പണം ഇന്ത്യക്ക്
X
നൈസാം കൊച്ചുമകന്‍ മുകര്‍റം ജായുമൊത്ത്‌

ലണ്ടന്‍: ഹൈദരാബാദ് ഏഴാമത് നൈസാം ബ്രിട്ടനിലെ ബാങ്കില്‍ സൂക്ഷിച്ച പണത്തില്‍ ഇന്ത്യക്ക് അനുകൂലമായി വിധി. 35 ദശലക്ഷം പൗണ്ട് വരുന്ന ഫണ്ടില്‍ പാകിസ്താന്‍ ഉന്നയിച്ച അവകാശവാദം യുകെ ഹൈക്കോടതി തള്ളി.

1947ലെ വിഭജനകാലവുമായി ബന്ധപ്പെട്ട കേസില്‍ 70 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. ഇന്ത്യാ സര്‍ക്കാരും ഏഴാമത് നൈസാമിന്റെ പിന്മുറക്കാരും അദ്ദേഹത്തിന്റെ എസ്റ്റേറ്റ് മേല്‍നോട്ടക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത കഴിഞ്ഞ വര്‍ഷം പറഞ്ഞിതീര്‍ത്തിരുന്നു. ഇതോടെ കേസ് ബ്രിട്ടീഷ് കോടതികളില്‍ ഇന്ത്യയും പാകിസ്താനും നേരിട്ടുള്ള ഏറ്റുമുട്ടലായി മാറി.

ലണ്ടനിലെ നാറ്റ്‌വെസ്റ്റ് ബാങ്കില്‍ കിടക്കുന്ന പണത്തിന്റെ കാര്യത്തില്‍ നൈസാമിന്റെ പിന്മുറക്കാരായ എട്ടാമത് നൈസാം മുകര്‍റം ജാ രാജകുമാരന്‍, ഇളയ സഹോദരന്‍ മുഫക്കം ജാ എന്നിവര്‍ ഇന്ത്യാ ഗവണ്‍മെന്റുമായി കൈകോര്‍ത്താണ് പാകിസ്താനെതിരായ നിയമപോരാട്ടം നയിച്ചത്.

വിഭജന കാലത്തെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ഹബീബ് ഇബ്‌റാഹിം റാഹിത് മൂലയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട പണം ശരിയായ ഉടമസ്ഥന്‍ വരുന്നത് വരെ ലണ്ടനിലെ നാറ്റ്‌വെസ്റ്റ് ബാങ്കില്‍ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഴാം നൈസാമാണ് ഫണ്ടിന്റെ ഉടസ്ഥനെന്നും ഏഴാം നൈസാമില്‍ അവകാശമുള്ള രാജകുമാരന്മാര്‍ക്കും ഇന്ത്യക്കും അത് ലഭിക്കുമെന്നും ലണ്ടനിലെ റോയല്‍ കോര്‍ട്ട്‌സ് ഓഫ് ജസ്റ്റിസ് ഉത്തരവിട്ടു.

1,007,940 പൗണ്ടും ഒമ്പത് ഷില്ലിങുമാണ് 1948ല്‍ അന്നത്തെ നൈസാം ബ്രിട്ടനിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍റുടെ അക്കൗണ്ടിലേക്കു മാറ്റിയത്. ഇന്ത്യാ വിഭജന കാലത്ത് ഇന്ത്യയോടൊപ്പം നില്‍ക്കണോ പാകിസ്താനില്‍ ചേരണോ എന്ന കാര്യത്തില്‍ നൈസാമിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പണം പാക് ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലേക്കു മാറ്റിയത്. ആ തുക വളര്‍ന്നാണ് 35 ദശലക്ഷം പൗണ്ടായി മാറിയത്. കേസ് ആരംഭിക്കുമ്പോള്‍ എട്ടാമത് നൈസാം കുട്ടിയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 80 വയസായി.

ഇന്ത്യയുമായി ഏറ്റുമുട്ടലുണ്ടായ സമയത്ത് ഹൈദരാബാദിന് ആയുധം നല്‍കിയതിനുള്ള പ്രതിഫലമായി തന്നതാണ് പണമെന്നാണ് പാകിസ്താന്‍ പ്രധാനമായും കോടതിയില്‍ വാദിച്ചത്. എന്നാല്‍, നാറ്റ്‌വെസ്റ്റ് ബാങ്കിലെ ഫണ്ടും ആയുധവിതരണവുമായി ബന്ധിപ്പിക്കാവുന്ന തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

പാകിസ്താന്‍ ആയുധവിതരണം നടത്തിയെന്ന കാര്യം പരസ്യമായി സമ്മതിച്ചത് ചരിത്രകാരന്മാര്‍ക്ക് താല്‍പര്യമുള്ള വിഷയമായിരിക്കുമെന്ന് ഇന്ത്യയ്ക്കു വേണ്ടി വാദിച്ച നിയമസംഘത്തില്‍പ്പെട്ട അഡ്വക്കറ്റ് ഹരീഷ് സാല്‍വെ പറഞ്ഞു.

Next Story

RELATED STORIES

Share it