India

ട്രെയിനുകളില്‍ ഭക്ഷണവിതരണം പുനരാരംഭിക്കുന്നു

ട്രെയിനുകളില്‍ ഭക്ഷണവിതരണം പുനരാരംഭിക്കുന്നു
X

ന്യൂഡല്‍ഹി: കൊവിഡ് ബാധയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌പെഷ്യല്‍ ടാഗുകള്‍ ഒഴിവാക്കാനും കൊവിഡിന് മുമ്പുള്ള സമയത്തെ ടിക്കറ്റ് നിരക്കുകള്‍ പുനസ്ഥാപിക്കാനും തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതായി കാണിച്ച് റെയില്‍വേ ഐആര്‍സിടിസിക്ക് കത്തയച്ചിരിക്കുകയാണ്.

രാജ്യത്താകമാനം കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി ദീര്‍ഘദൂര ട്രെയിനുകള്‍ പുനസ്ഥാപിക്കുകയും ഹ്രസ്വദൂര ട്രെയിനുകള്‍ കൂടിയ നിരക്കില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച സ്‌പെഷ്യല്‍ ടാഗുകള്‍ പിന്‍വലിക്കാനും പഴയ നിരക്ക് പുനസ്ഥാപിക്കാനും റെയില്‍വേ തീരുമാനിക്കുകയായിരുന്നു.

ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ എസി കമ്പാര്‍ട്ടുമെന്റുകളാക്കി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുകയാണ്. എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത യാത്രക്കാര്‍ക്ക് കംപാര്‍ട്ടുമെന്റുകള്‍ എസിയാക്കി മാറ്റുന്നതിലൂടെ സുഖപ്രദമായ യാത്രയ്ക്ക് വഴിയൊരുങ്ങുമെന്നാണ് റെയില്‍വേയുടെ അവകാശവാദം.

റെയില്‍വേ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മാറ്റം വരുത്തുന്ന ജനറല്‍ എസി കോച്ചുകളില്‍ 100-200 യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഉണ്ടായിരിക്കുമെന്നും അതിനാല്‍ സാധാരണക്കാര്‍ക്ക് ഈ കോച്ചുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ നിരക്ക് കുറവായിരിക്കുമെന്നും റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it