India

ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു; യുക്രെയ്‌നില്‍നിന്ന് മൂന്നാമത്തെ സംഘവും പുറപ്പെട്ടു

ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു; യുക്രെയ്‌നില്‍നിന്ന് മൂന്നാമത്തെ സംഘവും പുറപ്പെട്ടു
X

ബുദാപെസ്റ്റ്: യുക്രെയ്‌നില്‍നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ തുടരുന്നു. യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരുമായി 'ഓപറേഷന്‍ ഗംഗ'യുടെ മൂന്നാമത്തെ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍നിന്നാണ് 240 ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചത്. നേരത്തെ ഓപറേഷന്‍ ഗംഗയുടെ ഭാഗമായി 470 പൗരന്‍മാരെ യുക്രെയ്‌നില്‍നിന്ന് രണ്ട് വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചിരുന്നു. 219 പേരെ മുംബൈയിലും 251 പേരെ ഡല്‍ഹിയിലുമാണ് എത്തിച്ചത്.

യുക്രെയ്ന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലാണ് എത്തിയത്. സംഘത്തില്‍ 29 മലയാളികളുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. നേരത്തെ യുക്രെയ്‌നില്‍ നിന്നുള്ള ആദ്യസംഘം ഇന്നലെ രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. 'ഓപറേഷന്‍ ഗംഗ' എന്നാണ് യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാ ദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്. ഡല്‍ഹിയിലെത്തിയ രണ്ടാമത്തെ സംഘത്തെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്വീകരിച്ചു.

ഡല്‍ഹിയിലെത്തിയ മലയാളികളില്‍ 14 പേര്‍ നിലവില്‍ കേരള ഹൗസിലാണ് ഉള്ളത്. ഇവരെ ഇന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെത്തിക്കും. തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ഡല്‍ഹിയിലും മുംബൈയിലും നോര്‍ക്ക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. നിലവില്‍ യുക്രെയ്‌ന്റെ തലസ്ഥാനമായ കീവില്‍ അടക്കം നിരവധി വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്.

ശനിയാഴ്ച ആരംഭിച്ച രക്ഷാ ദൗത്യത്തിലെ ആദ്യവിമാനത്തില്‍ 219 ഇന്ത്യക്കാരാണ് രാജ്യത്തെത്തിയിരുന്നത്. മൂന്നാമത്തെ വിമാനം ഹംഗേറിയയിലെ ബുദാപെസ്റ്റില്‍നിന്നാണ് പുറപ്പെടുക. റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാ ദൗത്യം മുന്നോട്ടുപോകുന്നത്. നിലവില്‍ 16,000 ത്തോളം ഇന്ത്യക്കാര്‍ യുക്രെയ്‌നില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതില്‍ 2,300 ഓളം പേര്‍ മലയാളികളാണ്.

യുക്രെയ്‌നില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തേക്കുള്ള വിമാന ടിക്കറ്റുകള്‍ കേരള സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിരുന്നു. ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it