India

കെ റെയില്‍ സര്‍വേ നിര്‍ത്തിവയ്ക്കണം; ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

കെ റെയില്‍ സര്‍വേ നിര്‍ത്തിവയ്ക്കണം; ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കെ റെയില്‍ അതിരടയാള കല്ലിടലിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ സര്‍വേ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വേ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും സര്‍വേ ആന്റ് ബോര്‍ഡ് ആക്ട് പ്രകാരവും സര്‍ക്കാരിന് സര്‍വേ നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ അതിര്‍ത്തി നിര്‍ണയ കല്ലിടല്‍ ഇന്നുമുണ്ടാവില്ല. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കല്ലിടല്‍ നിര്‍ത്തിവച്ചത്. കല്ലായി ഭാഗത്താണ് ജില്ലയില്‍ അവസാനമായി കല്ലിട്ടത്. ഇവിടെ സ്ഥാപിച്ച കല്ലുകളില്‍ ഭൂരിഭാഗവും പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ കെ റെയില്‍ കല്ല് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞു. കൊഴുവല്ലൂര്‍ സ്വദേശി തങ്കമ്മയുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച കല്ലാണ് പിഴുതെറിഞ്ഞത്. ജനങ്ങള്‍ ഒറ്റക്കെട്ടായി പദ്ധതിയെ എതിര്‍ക്കുകയാണെന്നും കെ റെയില്‍ നടപ്പാക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it