India

രോഗികള്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; നിയന്ത്രണം ഇന്ന് മുതല്‍

രോഗികള്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; നിയന്ത്രണം ഇന്ന് മുതല്‍
X

മംഗളൂരു: കര്‍ണാടകയിലേക്ക് പോവാന്‍ രോഗികള്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ചികില്‍സയ്ക്കായി യാത്രചെയ്യുന്ന രോഗികള്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. അതീവഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ ആളുകളെ ഇന്നലെയും തലപ്പാടിയില്‍നിന്നും മടക്കി അയച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്തവരെയും കര്‍ണാടകയിലേക്ക് കടത്തിവിട്ടില്ല.

വിവിധ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലേക്ക് പോവേണ്ട നിരവധി പേരുടെ യാത്ര ഇന്നലെയും മുടങ്ങി. ഇതോടെ കേരള അതിര്‍ത്തിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ഇന്നും പ്രതിഷേധമുണ്ടാവുമെന്നാണ് സൂചന. ക്രമസമാധാനപാലന ചുമതലയുള്ള കര്‍ണാടക എഡിജിപി പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലിസ് സംഘം തലപ്പാടി സന്ദര്‍ശിച്ചു. പരീക്ഷയ്ക്ക് പോവുന്ന വിദ്യാര്‍ഥികള്‍ക്കും അതീവഗുരുതര രോഗികള്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

തലപ്പാടിയില്‍ അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലാ ഭരണകൂടം തുറന്ന ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രത്തില്‍ കൊവിഡ് പരിശോധനയ്ക്കായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കിത്തുടങ്ങിയത്. കഴിഞ്ഞ 15 ദിവസമായി ആദ്യഡോസ് വാക്‌സിനെടുത്തവരെയും ചികില്‍സയ്ക്കായി പോവുന്ന രോഗികളെയും അതിര്‍ത്തി കടത്തിവിട്ടിരുന്നെങ്കിലും തിങ്കളാഴ്ച രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ തിരിച്ചയക്കുകയാണ്. ഇന്ന് മുതലാണ് രോഗികള്‍ക്കുകൂടി നിയന്ത്രണം ബാധകമാക്കുന്നത്.

Next Story

RELATED STORIES

Share it