India

നേമം ഉള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ തര്‍ക്കം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഇന്നും തുടരും

തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ഞായറാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്.

നേമം ഉള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ തര്‍ക്കം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഇന്നും തുടരും
X

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി നേമം ഉള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ തര്‍ക്കം തുടരുന്നു. ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുളള ചര്‍ച്ച കോണ്‍ഗ്രസില്‍ ഇന്നും തുടരും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ഞായറാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. നേമത്തെ സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് 81 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

നേമത്ത് തരൂരും കെ മുരളീധരനും മല്‍സരിക്കുന്നില്ലെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മല്‍സരിക്കാനെത്തുമോയെന്നാണ് ഇനി അറിയേണ്ടത്. പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാവുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞദിവസവും അഭിപ്രായപ്പെട്ടത്. നേമം ഉള്‍പ്പെടെ തര്‍ക്കമുള്ള 10 മണ്ഡലങ്ങളില്‍ സമവായത്തിലെത്താനുള്ള ചര്‍ച്ചകള്‍ ഇന്നും ഡല്‍ഹിയില്‍ തുടരും. തര്‍ക്കങ്ങള്‍ പൂര്‍ണമായും പരിഹരിക്കാതെയായിരുന്നു സ്‌ക്രീനിങ് കമ്മിറ്റിക്കുശേഷം സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ചത്.

81 സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതായും ബാക്കി 10 സീറ്റുകളില്‍ ചര്‍ച്ചകള്‍ തുടരുമെന്നുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കളുടെ പ്രതികരണം. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കൊല്ലം, കല്‍പ്പറ്റ, നിലമ്പൂര്‍, കുണ്ടറ, തൃപ്പൂണിത്തുറ, ആറന്‍മുള, പട്ടാമ്പി, കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെയുള്ള സീറ്റുകളിലാണ് തര്‍ക്കം. കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരാണ് ആദ്യമുയര്‍ന്നത്. എന്നാല്‍, ഇപ്പോള്‍ ഇവിടെ നിന്ന് പി സി വിഷ്ണുനാഥ് മല്‍സരിക്കുമെന്നും ബിന്ദുകൃഷ്ണ കുണ്ടറയില്‍നിന്ന് മല്‍സരിക്കുമെന്നുമാണ് ചര്‍ച്ചകള്‍. ഇതാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്.

തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഉമ്മന്‍ചാണ്ടി കെ ബാബുവിനെ മല്‍സരിപ്പിക്കണമെന്ന കടുത്ത നിലപാടാണ് സ്വീകരിച്ചത്. നിലമ്പൂരിലും തര്‍ക്കം നിലനില്‍ക്കുകയാണ്. കല്‍പ്പറ്റയില്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്നുളള സ്ഥാനാര്‍ഥി വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഒരു പ്രാദേശിക നേതാവിനെയും മണ്ഡലത്തിന് പുറത്തുളള ഒരു നേതാവിനെയുമാണ് ഇവിടെ പരിഗണിക്കുന്നത്. ആറന്‍മുളയിലും തര്‍ക്കമുണ്ട്. ഇവിടെ ശിവദാസന്‍ നായര്‍, പി മോഹന്‍ദാസ് നായര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിരിക്കുന്നത്.

കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കനെ ഉറപ്പിച്ചിരുന്നുവെങ്കിലും ഈ സീറ്റും അവസാനഘട്ടത്തില്‍ തര്‍ക്കത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇന്നുതന്നെ പത്തുസീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കി ധാരണയിലെത്താനുളള തീവ്രശ്രമത്തിലാണ് നേതാക്കള്‍. നേമത്ത് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പേരുകള്‍ സ്‌ക്രീനിങ് കമ്മറ്റി നിര്‍ദേശിച്ചതായാണ് വിവരം. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി നേമത്ത് മല്‍സരിക്കാനുള്ള സാധ്യത ഹൈക്കമാന്‍ഡ് വൃത്തങ്ങളും തള്ളുന്നില്ല.

Next Story

RELATED STORIES

Share it