India

ലോക്ക് ഡൗണ്‍ ഇളവ്: സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം

ഗ്രാമീണസമ്പദ്ഘടനയ്ക്ക് ഉണര്‍വുനല്‍കുന്നതിന് ഗ്രാമീണമേഖലകളില്‍ ചില സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റുമാര്‍ അല്ലെങ്കില്‍ കലക്ടര്‍മാര്‍ വ്യവസായങ്ങളുമായി ആലോചിച്ച് തൊഴിലാളികളെ അതാതു സംസ്ഥാനത്തിനകത്തുനിന്നുതന്നെ എത്തിക്കാന്‍ സംവിധാനം ചെയ്യണം.

ലോക്ക് ഡൗണ്‍ ഇളവ്: സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം
X

ന്യൂഡല്‍ഹി: ഏപ്രില്‍ 20 മുതല്‍ ലോക്ക് ഡൗണില്‍ വരുത്തുന്ന ഇളവുകളെയും കൊവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളെയുംകുറിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ നിലവിലെ സ്ഥിതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകനം ചെയ്തു. ഏപ്രില്‍ 20 മുതല്‍ ലോക്ക് ഡൗണില്‍ വരുത്തുന്ന ഇളവുകളെയും കൊവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളെയുംകുറിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ ഇപ്പോഴും കൊറോണയ്ക്കെതിരേ പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും ദേശീയതലത്തിലെ പകര്‍ച്ചവ്യാധി നിയന്ത്രണമാര്‍ഗനിര്‍ദേശങ്ങളും വിട്ടുവീഴ്ച കൂടാതെ പാലിക്കുകതന്നെ ചെയ്യണം.

തീവ്രബാധിത പ്രദേശങ്ങള്‍, ക്ലസ്റ്ററുകള്‍, ഹോട്ട് സ്‌പോട്ടുകള്‍ എന്നിവിടങ്ങളല്ലാത്ത മേഖലകളില്‍ ചില പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. തികച്ചും അനിവാര്യമായ ഇളവുകള്‍ മാത്രമേ അനുവദിക്കുന്നുള്ളുവെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത ആവശ്യമാണ്- സ്ഥിതിഗതികള്‍ വിലയിരുത്തി അദ്ദേഹം പറഞ്ഞു. ഗ്രാമീണസമ്പദ്ഘടനയ്ക്ക് ഉണര്‍വുനല്‍കുന്നതിന് ഗ്രാമീണമേഖലകളില്‍ ചില സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റുമാര്‍ അല്ലെങ്കില്‍ കലക്ടര്‍മാര്‍ വ്യവസായങ്ങളുമായി ആലോചിച്ച് തൊഴിലാളികളെ അതാതു സംസ്ഥാനത്തിനകത്തുനിന്നുതന്നെ എത്തിക്കാന്‍ സംവിധാനം ചെയ്യണം.

ഒരുവശത്ത് ഇത് സാമ്പത്തികപ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും മറുവശത്ത് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. സമാനമായി സംസ്ഥാനങ്ങള്‍ വലിയ വ്യവസായയൂനിറ്റുകളും വ്യവസായ എസ്‌റ്റേറ്റുകളും പ്രത്യേകിച്ചും തൊഴിലാളികള്‍ക്ക് താമസിക്കാന്‍കൂടി സൗകര്യമുള്ള വ്യവസായ സമുച്ചയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലും ശ്രദ്ധനല്‍കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തൊഴിലാളികള്‍ക്ക് മെച്ചമുള്ള തൊഴില്‍ ഉറപ്പാക്കിക്കൊണ്ട് നാടിന്റെ സാമ്പത്തിക അതിജീവനത്തിനു സഹായിക്കും. പ്രയാസമേറിയ ഇക്കാലയളവില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

കൃഷി മുഖേനയും തൊഴിലുറപ്പ് പദ്ധതി മുഖേനയും തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സാധ്യതയും ജില്ലാ മജിസ്ട്രേറ്റുമാരും കലക്ടര്‍മാരും അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്നും അതിനെ അഭിമുഖീകരിക്കാതെ വേറെവഴിയില്ലെന്നും എല്ലാവര്‍ക്കും മനസ്സിലാവുന്ന കാര്യമാണെങ്കിലും ദുരിതാശ്വാസ ക്യാംപുകളില്‍ തുടരുന്ന തൊഴിലാളികള്‍ക്ക് നല്ലഭക്ഷണം നല്‍കുന്നതടക്കമുള്ള ക്ഷേമത്തില്‍ പ്രത്യേകശ്രദ്ധ നല്‍കണം. സമൂഹാധിഷ്ഠിത പരിശോധനകള്‍(കമ്മ്യൂണിറ്റി ടെസ്റ്റിങ്) വൈദ്യസംഘങ്ങള്‍ മുഖേന നടത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

അത്തരം സംഘങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേകസുരക്ഷ നല്‍കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. കൊവിഡിനെതിരേ പൊരുതുന്നതുസംബന്ധിച്ച ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഗ്രാമങ്ങളില്‍ പട്രോളിങ് സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. ജില്ലാ മജിസ്ട്രേറ്റുമാരും കലക്ടര്‍മാരും പോലിസിനെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും റവന്യൂ ഉദ്യോഗസ്ഥരെയും മറ്റും ഈ മേല്‍നോട്ടപ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it