India

മഹാരാഷ്ട്രയില്‍ വാക് പോര് മുറുകുന്നു; രാജ്ഭവന്റെ അന്തസ് സംരക്ഷിക്കണമെങ്കില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണം- ശിവസേന

ക്ഷേത്രങ്ങള്‍ തുറക്കണമെങ്കില്‍ അതിന് ബിജെപി പൊതുവായ ഒരു ദേശീയനയം കൊണ്ടുവരണം. കാരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഗവര്‍ണര്‍ക്കുള്ള ഉദ്ധവിന്റെ മറുപടിയില്‍ ദേവന്‍മാര്‍ പോലും സന്തോഷത്തോടെ ക്ഷേത്രമണി മുഴക്കുന്നുണ്ടാവും.

മഹാരാഷ്ട്രയില്‍ വാക് പോര് മുറുകുന്നു; രാജ്ഭവന്റെ അന്തസ് സംരക്ഷിക്കണമെങ്കില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണം- ശിവസേന
X

മുംബൈ: മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങള്‍ തുറക്കാത്തതിനെച്ചൊല്ലി ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മില്‍ വാക്‌പോര് മുറുകുന്നു. രാജ്ഭവന്റെ അന്തസ് സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആഗ്രഹിക്കുന്നുവെങ്കില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ സ്ഥാനത്തുനിന്ന് തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭരണകക്ഷിയായ ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് ശിവസേന ഗവര്‍ണറെ മാറ്റണമെന്ന ആവശ്യമുന്നയിച്ചത്.

ഗവര്‍ണറുടെ ഓഫിസിനെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ നീക്കംനടത്തുകയെന്ന ബിജെപി അജണ്ടയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ശിവസേന ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ക്ഷേത്രങ്ങള്‍ തുറക്കണമെങ്കില്‍ അതിന് ബിജെപി പൊതുവായ ഒരു ദേശീയനയം കൊണ്ടുവരണം. കാരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഗവര്‍ണര്‍ക്കുള്ള ഉദ്ധവിന്റെ മറുപടിയില്‍ ദേവന്‍മാര്‍ പോലും സന്തോഷത്തോടെ ക്ഷേത്രമണി മുഴക്കുന്നുണ്ടാവും.

ആ ശബ്ദം മോദിയുടെയും അമിത് ഷായുടെയും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ രാജ്ഭവന്റെ അന്തസ് കാത്തുസൂക്ഷിക്കാന്‍ അവര്‍ ഗവര്‍ണറെ തിരിച്ചുവിളിക്കും- ലേഖനം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രങ്ങള്‍ തുറക്കാന്‍ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു. 'ക്ഷേത്രങ്ങള്‍ അടച്ചിടണമെന്ന് താങ്കള്‍ക്ക് ദിവ്യ വെളിപാടെന്തെങ്കിലും കിട്ടിയോ? അതോ മതനിരപേക്ഷതയെന്ന പ്രയോഗംപോലും വെറുത്തിരുന്ന താങ്കള്‍ ഇത്രപെട്ടെന്ന് മതേതരനായി മാറിയോ' എന്ന് കത്തില്‍ ഗവര്‍ണര്‍ ചോദിച്ചിരുന്നു. എന്നാല്‍, ക്ഷേത്രങ്ങള്‍ തുറക്കുന്നത് ഹിന്ദുത്വവും അടച്ചിടുന്നത് മതനിരപേക്ഷതയുമാണെന്നാണോ താങ്കള്‍ ധരിച്ചിരിക്കുന്നതെന്നായിരുന്നു മറുപടി കത്തില്‍ ഗവര്‍ണറോടുള്ള ഉദ്ധവിന്റെ മറുചോദ്യം.

ഭരണഘടനയില്‍പിടിച്ച് സത്യപ്രതിജ്ഞ ചെയ്താണ് താങ്കള്‍ ഗവര്‍ണറായത്. ആ ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നാണ് മതനിരപേക്ഷത. താങ്കള്‍ അതില്‍ വിശ്വസിക്കുന്നില്ലേ? എന്റെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നീ പദവികളും മതേതരമാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ മതേതരത്വത്തെക്കുറിച്ച് ഗവര്‍ണര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ ഗവര്‍ണറോട് മതേതരനാണോ എന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചോദിക്കണം. ക്ഷേത്രങ്ങള്‍ അടച്ചിടാന്‍ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it