India

170 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവുമായി ബിജെപി നേതാവ് പിടിയില്‍

170 തോക്കുകള്‍, 8 എയര്‍ ഗണുകള്‍, 10 വാളുകള്‍, 38 പ്രസ് ബട്ടണ്‍ കത്തികള്‍, 25 വെട്ടുകത്തി, 9 ചുരുട്ടകള്‍, 9 വടിവാളുകള്‍, 5 കത്തികള്‍, 3 മഴു, ഒരു അരിവാള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

170 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവുമായി ബിജെപി നേതാവ് പിടിയില്‍
X

മുംബൈ: തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരവുമായി ബിജെപി പ്രാദേശിക നേതാവിനെ താനെയില്‍ അറസ്റ്റ് ചെയ്തു. ബിജെപി താനെ ഡോംബിവഌ ശാഖ വൈസ് പ്രസിഡന്റ് ധനഞ്ജയ് കുല്‍ക്കര്‍ണി(49)യെയാണ് ഡോംബിവിളി സിറ്റി യൂനിറ്റ് പോലിസ് ഡെപ്യൂട്ടി ചീഫ് അറസ്റ്റ് ചെയ്തത്. തിലക് നഗറിലെ അരിഹന്ത് ബില്‍ഡിങിലെ ധനഞ്ജയ് കുല്‍ക്കര്‍ണിയുടെ ഉടമസ്ഥതയിലുള്ള കടകളില്‍ കല്യാണ്‍ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് വന്‍ ആയുധ ശേഖരം പിടികൂടിയത്. ഫാഷന്‍ വസ്തുക്കളും കോസ്‌മെറ്റിക്ക് ഉല്‍പന്നങ്ങളും വില്‍പ്പന നടത്തുന്ന തപസ്യ ഹൗസ് ഓഫ് ഫാഷന്‍ എന്ന കടയില്‍ വില്‍പനയ്ക്കും മറ്റുമായാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത ആയുധങ്ങള്‍ക്ക് ആകെ 1.86 ലക്ഷം വില വരുമെന്നാണ് നിഗമനം. കഴിഞ്ഞ ഏഴ് മാസങ്ങളിലായി കട പ്രവര്‍ത്തിച്ചിരുന്നതായി പോലിസ് പറയുന്നു.

മുബൈ, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ കൊണ്ടു വന്നതെന്നാണ് കുല്‍ക്കര്‍ണി മൊഴി നല്‍കിയതെന്നു പോലിസ് പറഞ്ഞു. കുല്‍ക്കര്‍ണിയെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തയച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിശദീകരിക്കണമെന്ന് എന്‍സിപി മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടു. ബിജെപിക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷം ശക്തമായ ആരോപണങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ് ബിജെപി ഭരിക്കുന്നതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പട്ടേല്‍ പറഞ്ഞു. ഏത് തരത്തിലുള്ള കലാപത്തിനാണ് ബിജെപി ഈ ആയുധങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ശക്തമായ അന്വേഷണം വേണമെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍, കുല്‍ക്കര്‍ണിയെ പിന്തുണച്ചും കേസിനെ നിസാരവല്‍ക്കരിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തി. പുരാതന ഉപകരണങ്ങള്‍ വില്‍പന നടത്തുന്നയാളാണ് കുല്‍ക്കര്‍ണിയെന്നും പൊതുറാലികള്‍ക്കും പ്രച്ഛന്നവേഷത്തിനും മറ്റും ഉപയോഗിക്കുന്നവയാണ് ഇതെന്നുംവ്യാപാരശത്രുക്കളാണ് റെയ്ഡിനു പിന്നിലെന്നും ബിജെപി നേതാവ് പറഞ്ഞു. കുല്‍ക്കര്‍ണിക്കെതിരേ ഒരു കേസ് പോലുമില്ലെന്നും ഗിഫ്റ്റ് കട നടത്തുന്ന അദ്ദേഹത്തെ പിടികൂടിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ബിജെപി നേതാവായ മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it