India

അംബേദ്കര്‍ ജയന്തിയില്‍ ഡോ.ആനന്ദ് തെല്‍തുംബ്ഡെയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം രാജ്യത്തിന് അപമാനം: എം കെ ഫൈസി

രാജ്യത്ത് മനുവാദ വംശീയ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഭീകരതന്ത്രങ്ങള്‍ തിരിച്ചറിയാനും ആര്‍ജ്ജവത്തോടെ പ്രതികരിക്കാനും ദലിത്, ആദിവാസി, മതന്യൂനപക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണം.

അംബേദ്കര്‍ ജയന്തിയില്‍ ഡോ.ആനന്ദ് തെല്‍തുംബ്ഡെയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം രാജ്യത്തിന് അപമാനം: എം കെ ഫൈസി
X

ന്യൂഡൽഹി: അംബേദ്കര്‍ ജയന്തി ദിനത്തില്‍ അംബേദ്കര്‍ വിഭാവനം ചെയ്യുന്ന സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ശക്തനായ വക്താവ് ഡോ. ആനന്ദ് തെല്‍തുംബ്ഡെയെ അറസ്റ്റു ചെയ്യാനുള്ള നീക്കം രാജ്യത്തിന് അപമാനകരമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊറോണ വ്യാപന ഭീതിയെ തുടര്‍ന്ന് ലോകത്തെ മര്‍ദ്ദക ഭരണകൂടങ്ങള്‍ പോലും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പിലാക്കുന്നതിനുള്ള അവസരമായി കോവിഡ് 19 നെ ഉപയോഗിക്കുകയാണ്.

ഡോ. ആനന്ദ് തെല്‍തുംബ്‌ഡെ, ഗൗതം നവ്ലാഖ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ധൃതിപിടിച്ച് നടത്തുന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്. ഭീമ കൊറേഗാവ് കേസ് പുനഃപരിശോധിക്കുന്നതിനുള്ള തീരുമാനം ഇപ്പോഴത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നതാണ്. അതിനിടെയാണ് സംസ്ഥാനത്ത് കൊറോണ വ്യാപനം ഉണ്ടായത്. അതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രസ്തുത നടപടി വൈകുകയായിരുന്നു.

മുന്‍ ബിജെപി സര്‍ക്കാര്‍ ചുമത്തിയ കേസ് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായി സുപ്രീം കോടതിയില്‍ നിന്ന് ഇരുവരും ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന ഉത്തരവ് നേടുകയും ചെയ്തു. അതനുസരിച്ച് നാളെ അവര്‍ ഹാജരാവണം. ഹാജരായാലും ഇല്ലെങ്കിലും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനാണ് പദ്ധതി. രാജ്യത്ത് അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ വംശീയതയും ജാതീയതയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെയെല്ലാം നീതിയുടെ വെളിച്ചമായി നിലകൊള്ളുന്നത് അംബേദ്കര്‍ നമുക്ക് സമ്മാനിച്ച ഭരണഘടന മാത്രമാണ്. '

ദലിത്, ആദിവാസി, മതന്യൂനപക്ഷങ്ങള്‍ക്ക് അല്‍പ്പമെങ്കിലും പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നത് ഈ ഭരണഘടനയാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശക്തനായ വിമര്‍ശകനാണ് ഡോ. ആനന്ദ് തെല്‍തുംബ്ഡെ എന്നതാണ് അദ്ദേഹത്തിന്റെ അറസ്റ്റിനു പിന്നില്‍. അതും അദ്ദേഹത്തിന്റെ പോരാട്ടത്തിന് പ്രചോദനമായ ഡോ. ബാബാ സാഹബ് അംബേദ്കറുടെ ജന്മദിനത്തില്‍. അതുകൊണ്ടു തന്നെ രാജ്യത്ത് മനുവാദ വംശീയ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഭീകരതന്ത്രങ്ങള്‍ തിരിച്ചറിയാനും ആര്‍ജ്ജവത്തോടെ പ്രതികരിക്കാനും ദലിത്, ആദിവാസി, മതന്യൂനപക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും എം കെ ഫൈസി അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it