India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. കഴിഞ്ഞ സമ്മേളനത്തില്‍നിന്ന് വ്യത്യസ്തമായി രാവിലെ മുതലാണ് സഭകള്‍ സമ്മേളിക്കുക. കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിക്ക് ശേഷം ആദ്യമായാണ് സഭ സമ്മേളിക്കുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. ആഗസ്ത് 13 വരെ 19 പ്രവര്‍ത്തി ദിനങ്ങളാണ് സമ്മേളന കാലയളവിലുള്ളത്. 30 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. പി വി അബ്ദുല്‍ വഹാബ്, അബ്ദുല്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചെയ്യും.

ഇന്ധന വിലവര്‍ധനവ്, കര്‍ഷക പ്രതിഷേധം, കൊവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാരിന്റെ വീഴ്ച, വാക്‌സിന്‍ വിതരണം തുടങ്ങിയ വിഷയങ്ങള്‍ നിരത്തി ഇരുസഭകളും സ്തംഭിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. ഇരുസഭകളും നിര്‍ത്തിവച്ച് കര്‍ഷകരുടെ പ്രശ്‌നം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ അറിയിച്ചു. ഇത്തവണ പതിനേഴോളം ബില്ലുകളാണ് സഭയുടെ പരിഗണയിലെത്തുന്നത്.

പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയുമടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ സഭയില്‍ വലിയ പ്രതിഷേധമുയരും. മാധ്യമപ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജിമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 300ഓളം പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. എന്നാല്‍, വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിവര ചോര്‍ച്ച പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിക്കും. പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷകര്‍ നിശ്ചയിച്ചിട്ടുള്ള ധര്‍ണയും കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയവും പാര്‍ലമെന്റില്‍ ഉയര്‍ന്നുവരും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എ കെ ആന്റണി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കേന്ദ്ര പ്രതിരോധ മന്ത്രി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്കു രൂപം നല്‍കാന്‍ ഇന്നലെ വൈകീട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി എംപിമാര്‍ യോഗം ചേര്‍ന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും ഡല്‍ഹിയില്‍ നടന്നു.

അതേസമയം, വിവിധ വിഷയങ്ങളില്‍ ആരോഗ്യകരവും അര്‍ഥവത്തായതുമായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഏത് വിഷയങ്ങള്‍ ഉന്നയിച്ചാലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പ്രതിപക്ഷത്തുനിന്നടക്കം എല്ലാ പ്രതിനിധികളുടേയും നിര്‍ദേശങ്ങള്‍ വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് യോഗം വിളിച്ചത്. 33 രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് നാല്‍പതോളം നേതാക്കള്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it