India

റിപോര്‍ട്ടിങ്ങില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം; അര്‍ണാബ് ഗോസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

അര്‍ണാബിനെതിരായ എല്ലാ എഫ്ഐആറുകളുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോസ്വാമിക്കെതിരായ എഫ്ഐആര്‍ സ്റ്റേ ചെയ്യണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വാദം കേള്‍ക്കും.

റിപോര്‍ട്ടിങ്ങില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം; അര്‍ണാബ് ഗോസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തി സുപ്രിംകോടതി. അര്‍ണാബ് തന്റെ റിപോര്‍ട്ടിങ്ങില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആവശ്യപ്പെട്ടു. ഈ നിലയില്‍ മുന്നോട്ടുപോകാനാവില്ല. ഒരു കോടതിയെന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശങ്ക സമൂഹത്തിലെ സമാധാനവും ഐക്യവുമാണ്. ചോദ്യം ചെയ്യപ്പെടുന്നതില്‍നിന്ന് ആരും ഒഴിവാകുന്നില്ല. ചോദ്യം ചെയ്യല്‍ അന്തസ്സോടെയും സ്വകാര്യതയോടെയുമാണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ഇനി എങ്ങനെ മുന്നോട്ടുപേവുന്നതെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രിംകോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷപരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണാബ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. അര്‍ണാബിനെതിരായ എല്ലാ എഫ്ഐആറുകളുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച വാദം കേട്ടത്.

ഗോസ്വാമിക്കെതിരായ എഫ്ഐആര്‍ സ്റ്റേ ചെയ്യണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വാദം കേള്‍ക്കും. ഒരു പൊതുചര്‍ച്ച നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ തലയില്‍ ഒരു ഡാമോക്കിള്‍സിന്റെ വാള്‍ തൂങ്ങിക്കിടക്കുന്ന കാഴ്ച ഞങ്ങള്‍ക്കുണ്ടാവരുത്- ഉത്തരവില്‍ ബോംബെ ഹൈക്കോടതി ബെഞ്ച് പറഞ്ഞിരുന്നു. അര്‍ണാബിനെതിരേ പ്രഥമദൃഷ്ട്യാ കേസെടുത്തിട്ടില്ലെന്നും ജഡ്ജിമാര്‍ നിരീക്ഷിച്ചിരുന്നു. അന്വേഷണം മൊത്തത്തില്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു.

അറസ്റ്റ്, ചോദ്യം ചെയ്യലിനായി സമന്‍സിന് 48 മണിക്കൂര്‍ നോട്ടീസ് എന്നിങ്ങനെയുള്ള ന്യായമായ ആശങ്കകളില്ലെന്ന് ഉറപ്പാക്കാന്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്താം. അതിനപ്പുറം ആരെങ്കിലും നിയമത്തിന് മുകളിലാണെന്ന ധാരണയുണ്ടാവരുതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 2020 ഏപ്രില്‍ മുതല്‍ തന്റെ കക്ഷിയെയും റിപബ്ലിക് ടിവിയെയും മുംബൈ പോലിസ് ലക്ഷ്യമിട്ടിരുന്നതായി ഗോസ്വാമിയെ പ്രതിനിധീകരിച്ച് ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആരോപിച്ചു. ചാനലിന്റെ മുഴുവന്‍ എഡിറ്റോറിയല്‍ സ്റ്റാഫുകള്‍ക്കെതിരെയും അടുത്തിടെ എഫ്ഐആര്‍ ഇട്ടു.

റിപോര്‍ട്ടിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് കോടതി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ തനിക്ക് മനസ്സിലായി. എന്നാല്‍, സംശയാസ്പദമായ എഫ്ഐആര്‍ മുഖവിലയ്ക്കെടുക്കരുതെന്ന് സാല്‍വെ ആവശ്യപ്പെട്ടു. അതേസമയം, റിപോര്‍ട്ടിങ്ങിന്റെ ചില മാതൃകാ മാനദണ്ഡങ്ങള്‍ ഗോസ്വാമി പാലിക്കുന്നില്ലെന്നായിരുന്നു ഇതിനുള്ള ബോബ്‌ഡെയുടെ മറുപടി. ടിആര്‍പി റേറ്റിങ് തട്ടിപ്പ് കേസിലും റിപബ്ലിക് ടിവി അന്വേഷണം നേരിടുകയാണ്.

Next Story

RELATED STORIES

Share it