India

കുടിവെള്ളത്തിനും വിലക്ക്; ബംഗാളില്‍ മുസ്‌ലിംകളോട് ഹിന്ദുത്വരുടെ മതവിവേചനം

തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കുശേഷം കടയുടമ തങ്ങളുടെ കൈയില്‍നിന്ന് പണം വാങ്ങാന്‍പോലും കൂട്ടാക്കുന്നില്ല. പണമിടുന്നതിനായി കടയില്‍ ചെറിയൊരു പാത്രം വച്ചിരിക്കുകയാണ്. അവര്‍ ഞങ്ങളെ കൊറോണ വൈറസ് എന്ന് വിളിക്കുകയാണ്.

കുടിവെള്ളത്തിനും വിലക്ക്; ബംഗാളില്‍ മുസ്‌ലിംകളോട് ഹിന്ദുത്വരുടെ മതവിവേചനം
X

കൊല്‍ക്കത്ത: മഹാമാരിയായ കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോവുമ്പോള്‍ ചില സ്ഥലങ്ങളില്‍നിന്ന് മുസ്‌ലിം വിവേചനത്തിന്റെ ഞെട്ടിക്കുന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പശ്ചിമബംഗാളിലെ ഭട്ട്പാറ മുനിസിപ്പാലിറ്റിയില്‍പ്പെട്ട മുസ്‌ലിം ജനവിഭാഗങ്ങള്‍ ഹിന്ദുക്കളില്‍നിന്ന് മതവിവേചനം നേരിട്ടുകൊണ്ടിരിക്കുന്നുവെന്നാണ് ഈ ന്യൂസ് റൂം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും കാലങ്ങളായി ഇത്തരം സംഭവങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മറവില്‍ ഒരു പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് കുടിവെള്ളംപോലും നിഷേധിച്ച് പീഡിപ്പിക്കുകയാണ് ഹിന്ദുത്വര്‍.

ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചെന്ന് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടതിന് പിന്നാലെയാണ് മതപരമായ വിവേചനം വര്‍ധിച്ചതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭട്ട്പാറയില്‍ സ്ഥാപിച്ച മുനിസിപ്പല്‍ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്നത് ഹിന്ദുക്കള്‍ തടഞ്ഞതിനെത്തുടര്‍ന്ന് മൈലുകള്‍ താണ്ടിവേണം കുടിവെള്ളം ശേഖരിക്കാനെന്ന് 10ാം ക്ലാസ് വിദ്യാര്‍ഥിനിയായ റുക്‌സര്‍ പര്‍വീണ്‍ പറയുന്നു. ഭട്ട്പാറ മുനിസിപ്പാലിറ്റിയിലെ കങ്കിനാര കൂലി ലെയ്ന്‍ നമ്പര്‍ ആറിലാണ് റുക്‌സര്‍ താമസിക്കുന്നത്. മുസ്‌ലിംകളായതിനാല്‍ കൊറോണ പരത്തുമെന്നും അതിനാല്‍ മറ്റെവിടെനിന്നെങ്കിലും വെള്ളമെടുക്കണമെന്നും ഹിന്ദുക്കള്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി പറയുന്നു.

മുസ്‌ലിംകള്‍ വെള്ളമെടുക്കാതിരിക്കാന്‍ ടാപ്പിന് ചുറ്റും മുളയും ദുപ്പട്ടയുംകൊണ്ട് ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ആ സ്ഥലത്തേക്ക് പ്രവേശിക്കാനുള്ള ധൈര്യംപോലുമില്ല. ലോക്ക് ഡൗണ്‍ സമയത്തുപോലും തനിക്കും സഹോദരിക്കും കുടിവെള്ളമെടുക്കാന്‍ വിദൂരത്തുള്ള മുനിസിപ്പല്‍ ടാപ്പിനെയാണ് ആശ്രയിക്കേണ്ടിവന്നിരിക്കുകയാണെന്ന് റുക്‌സര്‍ പറഞ്ഞു. കങ്കിനാരയിലെ ദര്‍ബ ലൈനില്‍ താമസിക്കുന്ന സൈനബ് ഖാതൂണ്‍ സമാനമായ അനുഭവം ഇ ന്യൂസ് റൂമിനോട് പങ്കുവച്ചു. ഞങ്ങള്‍ക്ക് വേണ്ടത്ര റേഷന്‍ ലഭിച്ചിട്ടില്ല. അതിനാല്‍, അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനായി പലപ്പോഴും പ്രാദേശികമായ പലചരക്ക് കടകളെ ആശ്രയിക്കേണ്ടിവരുന്നു.

തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കുശേഷം കടയുടമ തങ്ങളുടെ കൈയില്‍നിന്ന് പണം വാങ്ങാന്‍പോലും കൂട്ടാക്കുന്നില്ല. പണമിടുന്നതിനായി കടയില്‍ ചെറിയൊരു പാത്രം വച്ചിരിക്കുകയാണ്. അവര്‍ ഞങ്ങളെ കൊറോണ വൈറസ് എന്ന് വിളിക്കുകയാണ്. മാത്രമല്ല, 2019ലെ കലാപസമയത്ത് ചെയ്തതുപോലെ ഞങ്ങളെ പുറത്താക്കുമെന്നും പറയുന്നു. ഞങ്ങളെ എങ്ങനെ കൊറോണ വൈറസ് എന്ന് വിളിക്കാനാവും. ഒരേ മുനിസിപ്പാലിറ്റിയിലെ വാട്ടര്‍ ടാപ്പുകളില്‍നിന്ന് വെള്ളം ശേഖരിക്കാന്‍പോലും ഞങ്ങള്‍ക്ക് അനുവാദമില്ല- സൈനബ് ഖാതൂണ്‍ കൂട്ടിച്ചേര്‍ത്തു. മതവിവേചനം സംബന്ധിച്ച് കേസ് നല്‍കിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍, ഞങ്ങള്‍ ആര്‍ക്കാണ് കേസ് കൊടുക്കേണ്ടതെന്നും ഇവിടെ ഇതൊരു പതിവുകാര്യമാണെന്നും സൈനബ് മറുപടി നല്‍കി.

പ്രദേശത്ത് കൊച്ചിങ് സെന്റര്‍ നടത്തുന്ന സാമൂഹികപ്രവര്‍ത്തകനായ ദേബാഷിഷ് പാല്‍ മുസ്‌ലിം വിവേചനമുണ്ടെന്നകാര്യം സ്ഥിരീകരിച്ചു. കൊറോണയെന്ന് വിളിച്ച് ആക്ഷേപിക്കല്‍, പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്നത് തടയല്‍ എന്നിവ ഇവിടെയുള്ള മുഴുവന്‍ മുസ്‌ലിം ജനവിഭാഗങ്ങളും നേരിടുന്ന പ്രശ്‌നമാണ്. തബ്‌ലീഗ് സംഭവത്തിനുശേഷമാണ് ഇത് വര്‍ധിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇക്കാര്യം സംസാരിക്കും. ഭട്ട്പാറ പോലിസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിംകള്‍ നേരിടുന്ന മതപരമായ വിവേചനം സംബന്ധിച്ച് തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ഭട്ട്പാറയുടെ ചുമതലയുള്ള ഓഫിസര്‍ രാജശ്രീ ദത്തയുടെ പ്രതികരണം. ഇത് പുതിയ കാര്യമല്ല. ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളില്‍നിന്നും ഇത്തരം റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെന്നും ദത്ത് വിശദീകരിച്ചു.

Next Story

RELATED STORIES

Share it