India

മുട്ടില്‍ മരംമുറി: സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണല്‍

മുട്ടില്‍ മരംമുറി: സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണല്‍
X

ചെന്നൈ: വയനാട് മുട്ടില്‍ മരംമുറി കേസില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ആഗസ്ത് 31നകം വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും ജില്ലാ കലക്ടര്‍മാരോടും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. എത്രത്തോളം മരം മുറിച്ചു, എവിടെ നിന്നൊക്കെയാണ് മരം മുറി നടന്നത്, ഇതുകൊണ്ടുണ്ടായ പാരിസ്ഥിതികാഘാതം, വനംവകുപ്പിനുണ്ടായ നഷ്ടം, നഷ്ടം തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് ചീഫ് സെക്രട്ടറിയും വനം, റവന്യു വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും പ്രത്യേകം മറുപടികള്‍ സമര്‍പ്പിക്കണം.

വയനാട്, പാലക്കാട്, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലാ കലക്ടര്‍മാരും മറുപടി നല്‍കണം. ആഗസ്ത് 31ന് ആണ് കേസ് വീണ്ടും പരിഗണിക്കുക. മുട്ടിലും കേരളത്തിലെ മറ്റ് ചില ജില്ലകളിലും സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ നടന്ന മരം കൊള്ളയെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രിബ്യൂണര്‍ സൗത്ത് സോണിലെ ജസ്റ്റിസ് കെ രാമകൃഷ്ണനാണ് കേസ് പരിഗണിച്ചത്. പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടിയതായി ട്രിബ്യൂണല്‍ വിലയിരുത്തി.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ മറുപടിയ്ക്ക് ശേഷം ട്രിബ്യൂണല്‍ പ്രത്യേക സമിതിയുണ്ടാക്കി പരിശോധന നടത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്. മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാരിനെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കേസിലെ പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. 701 കേസുകളാണ് മരംമുറിയുമായി മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇതില്‍ ആരെയൊക്കെ പിടികൂടിയെന്ന് കോടതി ഇന്നലെ ആരായുകയും ചെയ്തിരുന്നു. 300ലധികം മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം കോടതി നിരീക്ഷിച്ചത്.

Next Story

RELATED STORIES

Share it