India

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം തുടര്‍ച്ചയായ ഇരുപതാം കിരീടമാണ് ഉയര്‍ത്തുന്നത്. റിലേയിലും മെഡല്‍ നേടിയതോടെ ആന്‍സി സോജന്‍ മീറ്റിലെ മികച്ച താരവുമായി. അവസാന മീറ്റിന് ഇറങ്ങിയ ആന്‍സി നാലുസ്വര്‍ണമാണ് സ്വന്തമാക്കിയത്. 273 പോയിന്റ് നേടിയാണ് കേരളം കിരീടനേട്ടം സ്വന്തമാക്കിയത്.

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം
X

സംഗരൂര്‍ (പഞ്ചാബ്): ദേശീയ സീനിയര്‍ സ്‌കൂള്‍ കായികമേളയില്‍ കേരളം ചാംപ്യന്‍മാര്‍. പെണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് കേരളം കിരീട നേട്ടത്തിലേക്കെത്തിയത്. ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം തുടര്‍ച്ചയായ ഇരുപതാം കിരീടമാണ് ഉയര്‍ത്തുന്നത്. റിലേയിലും മെഡല്‍ നേടിയതോടെ ആന്‍സി സോജന്‍ മീറ്റിലെ മികച്ച താരവുമായി. അവസാന മീറ്റിന് ഇറങ്ങിയ ആന്‍സി നാലുസ്വര്‍ണമാണ് സ്വന്തമാക്കിയത്. 273 പോയിന്റ് നേടിയാണ് കേരളം കിരീടനേട്ടം സ്വന്തമാക്കിയത്. ആദ്യ മൂന്നുദിവസം കിതച്ചെങ്കിലും ഇന്നലെ നേടിയ 80 പോയിന്റിലാണ് കേരളത്തിന്റെ കുതിപ്പ്. 247 പോയിന്റോടെ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതുള്ള ഹരിയാന 241 പോയിന്റ് നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലഭിച്ച മെഡലുകളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്.

101 പോയിന്റുമായി കേരളം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാംപ്യന്‍മാരായി. 61 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഹരിയാന മൂന്നാമതുമാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയ്ക്കാണ് കിരീടം. മഹാരാഷ്ട്രയ്ക്ക് 68 പോയിന്റുണ്ട്. 58 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 52 പോയിന്റുള്ള ഹരിയാന മൂന്നാം സ്ഥാനത്തുമെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ശിര്‍സെ തേജസ് ആണ് മികച്ച താരം. ശനിയാഴ്ച ആന്‍സി ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തിലെത്തിയിരുന്നു. 100 മീറ്റര്‍, 200 മീറ്റര്‍ വിഭാഗങ്ങളില്‍ ഒന്നാമതെത്തിയ ആന്‍സി ലോങ് ജംപില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. താന്‍ ജനിക്കുംമുമ്പുള്ള മീറ്റ് റെക്കോഡ് തകര്‍ത്താണ് ലോങ്ജംപില്‍ ആന്‍സി (6.26 മീറ്റര്‍) ഒന്നാമതായത്.

200 മീറ്റര്‍ 24.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ആന്‍സി സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ രോഹിത്തും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്‍ ആരതിയും കേരളത്തിനുവേണ്ടി സ്വര്‍ണം നേടി. രോഹിത്തും മീറ്റ് റെക്കോഡ് ഭേദിച്ചു. ശനിയാഴ്ച മാത്രം കേരളം നാല് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ബ്ലെസ്സി കുഞ്ഞുമോന്‍, ഹാമര്‍ത്രോയില്‍ കെസ്സിയ മറിയം ബെന്നി, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്‍ റോസ് ടോമി, ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ അലന്‍ ബിജു എന്നിവര്‍ വെള്ളി നേടി. പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയില്‍ കെ പി സനിക, ലോങ്ജംപില്‍ പി എസ് പ്രഭാവതി, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ ടി ആദിത്യ എന്നിവരും ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍ കെ സൂര്യജിത്ത്, ലോങ്ജമ്പില്‍ ടി ജെ ജോസഫ് എന്നിവരും വെങ്കലം നേടി.

Next Story

RELATED STORIES

Share it