India

കങ്കണയുടെ വാക്കുകളെ വിമര്‍ശിച്ച് നേതാജിയുടെ കുടുംബം; രാഷ്ട്രീയ അഭിലാഷത്തിനായി ചരിത്രം വളച്ചൊടിക്കരുത്

കങ്കണയുടെ വാക്കുകളെ വിമര്‍ശിച്ച് നേതാജിയുടെ കുടുംബം; രാഷ്ട്രീയ അഭിലാഷത്തിനായി ചരിത്രം വളച്ചൊടിക്കരുത്
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റനൗട്ടിന്റെ പരാമര്‍ശത്തിനെതിരെ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം. രാഷ്ട്രീയ അഭിലാഷത്തിനായി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് എക്‌സില്‍ കുറിച്ചു.

''നേതാജി സുഭാഷ് ചന്ദ്രബോസ് രാഷ്ട്രീയ ചിന്തകനും സൈനികനും രാഷ്ട്രതന്ത്രജ്ഞനും ദര്‍ശകനുമായിരുന്നു. അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നതാണ് നേതാവിനോടുള്ള യഥാര്‍ഥ ആദരവ്.'' ചന്ദ്രകുമാര്‍ ബോസ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചന്ദ്രകുമാര്‍ ബോസ് ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു. തന്റെ തത്വങ്ങള്‍ പാര്‍ട്ടിയുമായി യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു രാജി. ഇന്ത്യയുടെ പേര് 'ഭാരതം'എന്നാക്കുമെന്ന ചര്‍ച്ചകള്‍ക്കിടെയായിരുന്നു നടപടി. കങ്കണയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവും ട്രോളുകളും നിറഞ്ഞതോടെയാണ് മറുപടിയുമായി ചന്ദ്രകുമാര്‍ ബോസ് രംഗത്തെത്തിയത്.



ചാനല്‍ പരിപാടിക്കിടെയായിരുന്നു കങ്കണയുടെ വിവാദപരാമര്‍ശം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമ്മുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി എന്നായിരുന്നു കങ്കണയുടെ ചോദ്യം. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നില്ലെന്ന് അവതാരക ഓര്‍മിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയായില്ല എന്നാണുദ്ദേശിച്ചതെന്ന് കങ്കണ മലക്കംമറിഞ്ഞു. സ്വാതന്ത്ര്യം കിട്ടിയിട്ടും വിദേശനയം പിന്തുടരുന്ന ശക്തികള്‍ നേതാജിയെ ഇന്ത്യയില്‍ കാല്‍ കുത്താന്‍ അനുവദിച്ചില്ലെന്നും കങ്കണ വാദിച്ചു.



ട്രോളുകള്‍ നിറഞ്ഞതോടെ വിശദീകരണവുമായി കങ്കണ രംഗത്തെത്തി. തന്നെ ട്രോളുന്നവരോട് ചരിത്രം പഠിക്കാന്‍ കങ്കണ ആവശ്യപ്പെട്ടു. നേതാജി 1943ല്‍ സിംഗപ്പൂരില്‍ ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ച് ആദ്യ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നെന്ന് ഒരു ലേഖനം പങ്കുവച്ച് അവര്‍ എക്‌സില്‍ കുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് കങ്കണ.








Next Story

RELATED STORIES

Share it