India

ബ്രിട്ടനിലെ കൊവിഡ് ജനിതകമാറ്റം: പരിഭ്രാന്തരാവേണ്ട; ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു.

ബ്രിട്ടനിലെ കൊവിഡ് ജനിതകമാറ്റം: പരിഭ്രാന്തരാവേണ്ട; ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
X

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപോര്‍ട്ടില്‍ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. പുതിയ വൈറസ് വകഭേദം കണ്ടെത്തിയത് സംബന്ധിച്ച് സാങ്കല്‍പ്പികമായ പല കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. ഇതിന്റെ പേരില്‍ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ശാസ്ത്രജ്ഞര്‍ ഓരോ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കൊവിഡ് 19 സാഹചര്യം കൈകാര്യം ചെയ്യാന്‍ പ്രധാനപ്പെട്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തുവെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. ലോകാരോഗ്യസംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി ജെ എം ജി അംഗം കൂടിയായ ഡോ. റോഡറിക്കോ എച്ച് ഒഫ്രിനും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു.

ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം 70 ഇരട്ടി മാരകമാണെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം ചേര്‍ന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ ഡിസംബര്‍ 31വരെ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.

Next Story

RELATED STORIES

Share it