India

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹരജിയും സുപ്രിംകോടതി തള്ളി

തന്റെ ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഈ ആവശ്യം ജസ്റ്റിസ് എം വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹരജിയും സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എം വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹരജികള്‍ സുപ്രിംകോടതി തള്ളിയിരുന്നു. പവന്‍ ഗുപ്ത മാത്രമായിരുന്നു തിരുത്തല്‍ ഹരജി നല്‍കാനുണ്ടായിരുന്നത്. തന്റെ ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഈ ആവശ്യം ജസ്റ്റിസ് എം വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.

തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിന് പകരം ചേംബറില്‍വച്ച് തന്നെ ഹരജി പരിഗണിച്ച് തള്ളിക്കളയുകയായിരുന്നു. ഇനി പവന്‍ ഗുപ്തയ്ക്ക് അടുത്ത ഏഴുദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാനുള്ള അവസരം മാത്രമാണ് മുന്നിലുള്ളത്. മരണവാറണ്ട് പ്രകാരം നാല് പ്രതികളെയും തൂക്കിലേറ്റേണ്ടത് നാളെയാണ്. പട്യാല ഹൗസ് കോടതി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രാവിലെ കോടതിയില്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി എത്തിയിരുന്നു. പ്രതികള്‍ നിയമപരമായ സാധ്യതകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പട്യാല ഹൗസ് കോടതി തീരുമാനമെടുത്തിട്ടില്ല.

തിരുത്തല്‍ ഹരജി സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് വന്നതിന് ശേഷം തീരുമാനമെടുക്കാമെന്നാണ് പട്യാല ഹൗസ് കോടതി അറിയിച്ചിരുന്നത്. രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാനുള്ള അവസരം പവന്‍ ഗുപ്തയ്ക്ക് അവശേഷിക്കുന്നതിനാല്‍ മരണവാറണ്ട് പ്രകാരം നാളെ പ്രതികളെ തൂക്കിലേറ്റുന്ന നടപടിയുണ്ടാവില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it