India

തനിക്കെതിരേ തെളിവില്ല; കേസെടുത്തത് കെട്ടിച്ചമച്ച കഥയുടെ പേരില്‍: ഐഷി ഘോഷ്

ജനുവരി ഒന്നിനും നാലിനും സര്‍വകലാശാലയിലെ സെര്‍വര്‍ റൂം തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഐഷിക്കെതിരായ കേസ്. ഐഷി ഉള്‍പ്പെടെ 26 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് സര്‍വകലാശാല അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയത്.

തനിക്കെതിരേ തെളിവില്ല; കേസെടുത്തത് കെട്ടിച്ചമച്ച കഥയുടെ പേരില്‍: ഐഷി ഘോഷ്
X

ന്യൂഡല്‍ഹി: ജെഎന്‍യുവിലുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പോലിസ് തനിക്കെതിരേ കേസെടുത്തത് സര്‍വകലാശാല അധികൃതര്‍ കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണെന്ന് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. താന്‍ ഒരു അക്രമത്തിലും പങ്കാളിയായിരുന്നില്ല. അതുകൊണ്ട് തനിക്കെതിരേ പോലിസിന് യാതൊരു നടപടിയും സ്വീകരിക്കാനാവില്ല. അല്ലെങ്കിലും നടപടിയെടുക്കും മുമ്പ് പോലിസ് തെളിവുകൊണ്ടുവരട്ടെയെന്നും ഐഷി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ജനുവരി ഒന്നിനും നാലിനും സര്‍വകലാശാലയിലെ സെര്‍വര്‍ റൂം തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഐഷിക്കെതിരായ കേസ്. ഐഷി ഉള്‍പ്പെടെ 26 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് സര്‍വകലാശാല അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയത്.

സെക്യൂരിറ്റി ഗാര്‍ഡുകളെ കൈയേറ്റം ചെയ്യുകയും വിദ്യാര്‍ഥികളുടെ ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ തടയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരാതിയില്‍ ഡല്‍ഹി പോലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലുമിനിറ്റിന്റെ ഇടവേളയിലാണ് ഡല്‍ഹി പോലിസ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ജെഎന്‍യു കാംപസിലുണ്ടായ എബിവിപിയുടെ ഗുണ്ടാ ആക്രമണത്തില്‍ തലപൊട്ടി ചോരയൊലിക്കവെയാണ് ഐഷിക്കെതിരേ ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്നതാണു ശ്രദ്ധേയം. സര്‍വകലാശാല അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നു പോലിസ് അറിയിച്ചു.

മൂന്ന് എഫ്‌ഐആറുകളുടെ പകര്‍പ്പുകള്‍ പോലിസ് പുറത്തുവിട്ടു. മൂന്നാം എഫ്‌ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. ജെഎന്‍യു കാംപസില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ആക്രമിച്ചവരുടെ പേരിലുള്ളതാണ് ഈ കേസ്. ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണു പോലിസ് പറയുന്നത്. ഞായറാഴ്ച വൈകീട്ട് 8.39, 8.43 എന്നീ സമയങ്ങളിലാണ് ഐഷിക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ സമയം പുറത്തുനിന്നെത്തിയ ഗുണ്ടാസംഘം ജെഎന്‍യു കാംപസില്‍ ഐഷിയടക്കമുള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. അതേസമയം, ഐഷിക്കെതിരായ പരാതി നേരത്തെ നല്‍കിയിരുന്നതാണെന്നാണ് സര്‍വകലാശാലയുടെ വാദം. പരാതിയില്‍ പറയുന്ന തരത്തിലുള്ള ഒരുസംഭവവും നടന്നിട്ടില്ലെന്ന് ഐഷി പറയുന്നു.

ശബ്ദസന്ദേശങ്ങളുടെയും സ്‌ക്രീന്‍ ഷോട്ടുകളുടെയും തെളിവുകളുണ്ട്. സെര്‍വര്‍ റൂമില്‍ ഗാര്‍ഡുകള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതിനുള്ള തെളിവുകളുമുണ്ട്. സെക്യൂരിറ്റി ഗാര്‍ഡുകളില്‍ ഒരാള്‍ തന്നെ മര്‍ദിച്ചു. സര്‍വകലാശാല അധികൃതര്‍ ബുദ്ധിപൂര്‍വം കളിക്കുകയും കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയുമാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ ബഹിഷ്‌കരിക്കാന്‍ ഡിസംബര്‍ 31ന് ഹോസ്റ്റല്‍ പ്രസിഡന്റ് പങ്കെടുത്ത ജനറല്‍ബോഡി യോഗത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ തീരുമാനമെടുത്തതാണ്. ജനുവരി നാലിന് ക്രൂരമായ ആക്രമണം അഴിച്ചുവിട്ട എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് എന്താണ് കേസെടുക്കാത്തതെന്നും ഐഷി ഘോഷ് ചോദിച്ചു.

Next Story

RELATED STORIES

Share it