India

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നുപൂര്‍ ശര്‍മ വീണ്ടും സുപ്രിംകോടതിയില്‍

ഒമ്പത് എഫ്‌ഐആറുകളാണ് വിവിധ സംസ്ഥാനങ്ങളിലായി നുപൂറിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തനിക്കെതിരേ സുപ്രിംകോടതി രൂക്ഷ വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും തനിക്ക് ബലാത്സംഗ ഭീഷണിയുണ്ടെന്നും നുപൂര്‍ ശര്‍മ ഹരജിയില്‍ അവകാശപ്പെട്ടു.

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നുപൂര്‍ ശര്‍മ വീണ്ടും സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: പ്രവാചകനിന്ദയില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. ഒമ്പത് എഫ്‌ഐആറുകളാണ് വിവിധ സംസ്ഥാനങ്ങളിലായി നുപൂറിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തനിക്കെതിരേ സുപ്രിംകോടതി രൂക്ഷ വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും തനിക്ക് ബലാത്സംഗ ഭീഷണിയുണ്ടെന്നും നുപൂര്‍ ശര്‍മ ഹരജിയില്‍ അവകാശപ്പെട്ടു.

ഈ മാസം നുപൂര്‍ ശര്‍മക്കെതിരായ ഹരജി പരിഗണിച്ച സുപ്രിംകോടതി അവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രവാചകനിന്ദയെ തുടര്‍ന്ന് രാജ്യത്തുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി നുപൂര്‍ ശര്‍മയാണെന്നും അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നുമായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം.

'അവരുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ സംവാദം തങ്ങള്‍ കാണുകയായിരുന്നു. അവര്‍ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിച്ചതും അപമാനകരമാണ്. രാജ്യത്തോട് മുഴുവന്‍ അവര്‍ മാപ്പ് പറയണം. രാജ്യത്ത് സംഭവിച്ചതിനെല്ലാം അവര്‍ മാത്രമാണ് ഉത്തരവാദി' ജസ്റ്റിസ് സൂര്യകാന്തും ജെ ബെ പാര്‍ദിവാലയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നുപൂര്‍ ശര്‍മ പ്രവാചകനെതിരേ നടത്തിയ മോശം പരാമര്‍ശം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കുകയും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രസ്താവനക്കെതിരെ രംഗത്ത് വന്നതോടെ നുപൂര്‍ ശര്‍മയെ വക്താവ് സ്ഥാനത്ത് നിന്നു മാറ്റാന്‍ ബിജെപി നിര്‍ബന്ധിതരായിരുന്നു.

Next Story

RELATED STORIES

Share it