India

ഇന്‍ഡോറില്‍ കൊടുംതണുപ്പില്‍ അനാഥരായ വൃദ്ധരെ വഴിയരികില്‍ തള്ളി മുനിസിപ്പല്‍ ജീവനക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്

കൊടുംതണുപ്പത്ത് ആരോരുമില്ലാത്ത വൃദ്ധരെ ഉപേക്ഷിച്ചുപോവാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.ഇതോടെ വൃദ്ധരെ ട്രക്കില്‍തന്നെ മടക്കിക്കൊണ്ടുപോവാന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ നിര്‍ബന്ധിതരായി.

ഇന്‍ഡോറില്‍ കൊടുംതണുപ്പില്‍ അനാഥരായ വൃദ്ധരെ വഴിയരികില്‍ തള്ളി മുനിസിപ്പല്‍ ജീവനക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്
X

ഇന്‍ഡോര്‍: സ്വന്തമായി കയറിക്കിടക്കാന്‍ ഒരുകൂരപോലുമില്ലാത്ത അനാഥരായ ഒരുകൂട്ടം വൃദ്ധരെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ വഴിയരികില്‍ തള്ളി. തുടര്‍ച്ചയായി നാലുവര്‍ഷം ക്ലീന്‍ സിറ്റി അവാര്‍ഡ് നേടിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ മുനിസിപ്പാലിറ്റിയില്‍നിന്നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇന്‍ഡോര്‍ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരാണ് ട്രക്കില്‍ കുത്തിനിറച്ചുകൊണ്ടുവന്ന വൃദ്ധരെ കൊടുംതണുപ്പത്ത് ക്ഷിപ്ര പ്രദേശത്ത് ദേശീയപാതയ്ക്കരികില്‍ ഉപേക്ഷിച്ചത്. നിവര്‍ന്നിരിക്കാന്‍ പോലും കഴിയാത്ത വൃദ്ധരെ മോശം വസ്ത്രം ധരിപ്പിച്ചാണ് ട്രിക്കില്‍ കയറ്റിക്കൊണ്ടുവന്നത്.

ഇവരുടെ സാധനങ്ങള്‍ അടക്കം ജീവനക്കാര്‍ റോഡരികിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ജീവനക്കാരുടെ കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കൊടുംതണുപ്പത്ത് ആരോരുമില്ലാത്ത വൃദ്ധരെ ഉപേക്ഷിച്ചുപോവാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ഗ്രാമവാസികളും ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ പറയുന്നു. ഇതോടെ വൃദ്ധരെ ട്രക്കില്‍തന്നെ മടക്കിക്കൊണ്ടുപോവാന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ നിര്‍ബന്ധിതരായി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ മഞ്ഞ ട്രക്കില്‍ വൃദ്ധരെ കയറ്റിക്കൊണ്ടുവരുന്നതും മറ്റൊരു വീഡിയോയില്‍ ഗ്രാമീണര്‍ ക്രൂരതയെ ചെറുക്കുന്നതും ഇവരെ മടക്കിക്കൊണ്ടുപോവുന്നതുമാണുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് ന്യായീകരണവുമായി ഇന്‍ഡോര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ രംഗത്തെത്തി. വീടില്ലാത്തവര്‍ക്കായി നിര്‍മിച്ച അഭയകേന്ദ്രത്തിലേക്ക് മുനിസിപ്പല്‍ ജീവനക്കാര്‍ രാത്രിയില്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ അഡീഷനല്‍ കമ്മീഷണര്‍ അഭയ് രാജങ്കോങ്കര്‍ അവകാശപ്പെട്ടത്.

നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഇവരെ ഉപേക്ഷിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അതേസമയം, വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ടു. നൈറ്റ് ഷെല്‍ട്ടറിന്റെ ചുമതലയുള്ള രണ്ട് കരാര്‍ തൊഴിലാളികളെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പിരിച്ചുവിട്ടു. ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതാപ് സോളങ്കിയെ സസ്‌പെന്റ് ചെയ്തു. ഇന്‍ഡോറിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ വൃദ്ധരോട് മനുഷ്യത്വരഹിതമായി പെരുമാറിയതിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചു. ഉത്തരവാദിത്തപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.

പ്രായമായവരെ ശരിയായ രീതിയില്‍ പരിപാലിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ നടപടിയെ ബിജെപിക്കെതിരേ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ എന്നിവരെ പാര്‍ട്ടി പുറത്താക്കിയതിനോട് കോണ്‍ഗ്രസ് ഇതിനെ ഉപമിച്ചത്. ശുചിത്വത്തിന്റെ പേരില്‍ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ വൃദ്ധരെ പെരുവഴിയിലാക്കി. ബിജെപി നിരവധി മുതിര്‍ന്ന നേതാക്കളെ ഉപേക്ഷിച്ചതുപോലെയാണ് വൃദ്ധരെയും ഒഴിവാക്കിയതെന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.

Next Story

RELATED STORIES

Share it