India

പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണത്തിനെതിരായ ഹരജി സുപ്രിംകോടതി തള്ളി

ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് വിധിപ്രസ്താവം നടത്തിയത്. കേസ് സിബിഐയ്ക്ക് കൈമാറിയതുകൊണ്ട് പോലിസിന്റെ ആത്മവീര്യം ഇല്ലാതാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണത്തിനെതിരായ ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പോലിസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വാദം. കേസില്‍ സിബിഐ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി തള്ളുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു.

ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് വിധിപ്രസ്താവം നടത്തിയത്. കേസ് സിബിഐയ്ക്ക് കൈമാറിയതുകൊണ്ട് പോലിസിന്റെ ആത്മവീര്യം ഇല്ലാതാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സിബിഐയ്ക്ക് പോലിസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടു. സുപ്രിംകോടതി ഉത്തരവ് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം സ്വാഗതം ചെയ്തു.

കേസിന്റെ പുരോഗതി സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ന് നടന്ന വാദത്തില്‍ സിബിഐ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ സിബിഐയ്ക്ക് അന്വേഷിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍, കേസിന്റെ രേഖകള്‍ കൈമാറാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രേഖകള്‍ എത്രയും പെട്ടെന്ന് കൈമാറാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കേരള ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടത്. 2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട്ട് കല്യോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്.

Next Story

RELATED STORIES

Share it