India

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. നവംബര്‍ 28ന് രാവിലെ 11മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഞായറാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കലും മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണമെന്ന കര്‍ഷകരുടെ ആവശ്യം, അന്വേഷണ ഏജന്‍സി മേധാവിമാരുടെ കാലാവധി നീട്ടിയത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നേദിവസം വൈകീട്ടുതന്നെ ബിജെപി പാര്‍ലമെന്ററി എക്‌സിക്യൂട്ടീവ് യോഗവും ചേരും.

ഉച്ചകഴിഞ്ഞ് എന്‍ഡിഎ നേതാക്കളുടെ യോഗം ചേരുമെന്നും സൂചനയുണ്ട്. ഈ യോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ശീതകാല സമ്മേളനത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനൊരുങ്ങുന്നത്. അതിനുള്ള ബില്ല് ബുധനാഴ്ച മന്ത്രിസഭ പാസാക്കുമെന്നാണ് കരുതുന്നത്. വിളകളുടെ മിനിമം താങ്ങുവില സംബന്ധിച്ച നിയമമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് രേഖാമൂലവും നിയമപരവുമായ ഉറപ്പ് ലഭിക്കാതെ ഡല്‍ഹി അതിര്‍ത്തികളില്‍നിന്ന് മടങ്ങില്ലെന്ന ഉറച്ച നിലപാട് കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ചയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സര്‍വകക്ഷി യോഗത്തില്‍ തൃണമൂലും കോണ്‍ഗ്രസും കേന്ദ്ര അന്വേഷണ ഏജന്‍സി മേധാവികളുടെ കാലാവധി സംബന്ധിച്ച വിഷയം ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വിവാദ തീരുമാനത്തിനെതിരേ ഇരുപാര്‍ട്ടികളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടാണ് തൃണമൂല്‍ അപ്പീല്‍ നല്‍കിയത്. സുപ്രിംകോടതിയുടെ മുന്‍ ഉത്തരവിന് വിരുദ്ധമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നാണ് തൃണമൂലിന്റെ വാദം.

Next Story

RELATED STORIES

Share it