India

യുപി പിടിക്കാന്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക; താമസം ലഖ്‌നോവിലേക്കു മാറ്റി

ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ യുപി തിരിച്ചുപിടിക്കുക എന്നത് ഇതില്‍ ഏറ്റവും പ്രധാനമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. 2022ല്‍ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി.

യുപി പിടിക്കാന്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക; താമസം ലഖ്‌നോവിലേക്കു മാറ്റി
X

ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് തളര്‍ന്നുകിടക്കുന്ന കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ചടുലമായ നീക്കങ്ങളുമായി പ്രിയങ്കാ ഗാന്ധി. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ യുപി തിരിച്ചുപിടിക്കുക എന്നത് ഇതില്‍ ഏറ്റവും പ്രധാനമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. 2022ല്‍ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. ഇതിന്റെ ഭാഗമായി തലസ്ഥാനമായ ലഖനോവില്‍ സ്ഥിരതാമസമാക്കി പ്രവര്‍ത്തിക്കാനാണു പ്രിയങ്ക ഉദ്ദേശിക്കുന്നത്.

ഗോംതി നഗറിലും പ്രാഗ് നാരായണ്‍ റോഡിലുമാണ് ഇതിനായി രണ്ടു വീടുകള്‍ പ്രിയങ്ക കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിച്ചായിരുന്നു പ്രിയങ്ക പ്രചാരണത്തിനു നേതൃത്വം നല്‍കിയത്.

അതിനിടെ ഈ മാസം 21ന് സംസ്ഥാനത്തു നിയമസഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിന്റെയും ചുമതല പ്രിയങ്കയുടെ തോളിലാണ്. യുപിയുടെ ചുമതല ഇപ്പോള്‍ പൂര്‍ണമായും വഹിക്കുന്നത് പ്രിയങ്കയാണ്. നേരത്തേ ജ്യോതിരാദിത്യ സിന്ധ്യ കൂടിയുണ്ടായിരുന്നു. എന്നാല്‍, ചില ഭിന്നതകള്‍ കാരണം അദ്ദേഹം രാജിവെച്ചതോടെയാണ് ചുമതല പൂര്‍ണമായും പ്രിയങ്കയ്ക്കായത്. അതിനിടെ യുപി കോണ്‍ഗ്രസില്‍ ചില ഭിന്നതകള്‍ ഉടലെടുക്കുന്നതായി സൂചന വന്നിരുന്നു.

പ്രിയങ്കയുമായി അടുത്ത ബന്ധമുണ്ടായിരുന്ന റായ്ബറേലി എംഎല്‍എ അദിതി സിങ് പ്രിയങ്ക നേതൃത്വം നല്‍കിയ ഗാന്ധിജയന്തി വാര്‍ഷികാഘോഷ പരിപാടി ബഹിഷ്‌കരിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതാണു വിവാദമായത്. പാര്‍ട്ടി വിപ്പ് ലംഘിച്ചായിരുന്നു അദിതിയുടെ പ്രവൃത്തി. ഇതിന് കാരണം കാണിക്കല്‍ നോട്ടീസ് പാര്‍ട്ടി നല്‍കിയിരുന്നു. യോഗിസര്‍ക്കാരിന്റെ സമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ അദിതിയുടെ സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതും ഏറെ വിവാദമായിരുന്നു.

യുപിയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. അതിനായി 40 താരപ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടിട്ടുണ്ട്. ഇതില്‍ അദിതിയും ഉള്‍പ്പെട്ടിട്ടുണ്ട്.

-----------------


Next Story

RELATED STORIES

Share it