India

അരുന്ധതി റോയിയുടെ പ്രോസിക്യൂഷന്‍; അധികാരദുര്‍വിനിയോഗം: ശരത് പവാര്‍

അരുന്ധതി റോയിയുടെ പ്രോസിക്യൂഷന്‍; അധികാരദുര്‍വിനിയോഗം: ശരത് പവാര്‍
X

ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി എഴുത്തുകാരി അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍.ഡല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണറുടെ തീരുമാനം അധികാര ദുര്‍വിനിയോഗമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

മഹാവികാസ് അഘാഡി സഖ്യകക്ഷികളായ ശിവസേനയുടെ ഉദ്ധവ് താക്കറെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗീലാനി, തെലുങ്ക് കവി വരവര റാവു എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

'14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുപരിപാടിയില്‍ സംസാരിച്ച അരുന്ധതിറോയിയെ യു.എ.പി.എ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണറുടെ അനുമതി അധികാര ദുര്‍വിനിയോഗമല്ലാതെ മറ്റൊന്നുമല്ല,' അദ്ദേഹം പറഞ്ഞു. നേരത്തെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും അരുന്ധതി റോയിക്കും ഹുസൈനുമെതിരായ പ്രോസിക്യൂഷനില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മുന്നോട്ടെത്തിയിരുന്നു.

ജമ്മുകശ്മീരില്‍ മുന്‍ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിയത് ഞെട്ടിപ്പിക്കുന്നെന്നാണ് മെഹ്ബൂബ പ്രതികരിച്ചത്.

ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദിക്കുകയും ചെയ്ത അരുന്ധതി റോയിക്കെതിരെ യു.എ.പി.എ ചുമത്തിയത് ഞെട്ടിപ്പിക്കുന്നതാണ്,' മെഹ്ബൂബ എക്സില്‍ കുറിച്ചു.അരുന്ധതി റോയിക്കൊപ്പം കാശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറായ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെതിരെയും യു.എ.പി.എ ചുമത്തി നടപടിയെടുക്കാന്‍ ഗവര്‍ണര്‍ അധികാരം നല്‍കുകയായിരുന്നു. 2010 ഒക്ടോബര്‍ 21ന് ന്യൂഡല്‍ഹിയില്‍ നടന്ന 'ആസാദി ദി ഒണ്‍ലി വേ' എന്ന സമ്മേളനത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് 2010 ഒക്ടോബര്‍ 28ന് അരുന്ധതി റോയിയുടെയും ഹുസൈന്റേയും എതിരെ കേസ് എടുത്തിരുന്നു.

സമ്മേളനത്തില്‍ വെച്ച് കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തണമെന്ന് അരുന്ധതി റോയ് പറഞ്ഞെന്ന് ആരോപിച്ചായിരുന്നു കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സെക്ഷന്‍ 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ ), 153 ബി, സി.ആര്‍.പി.സി സെക്ഷന്‍ 196 പ്രകാരം അരുന്ധതിയെയും ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനെന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന അനുമതി നല്‍കിയിരുന്നു.






Next Story

RELATED STORIES

Share it