India

സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി മെയ് ഒമ്പതിന് നേരിട്ട് ഹാജരാകണം: പൂനെ കോടതി

സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി മെയ് ഒമ്പതിന് നേരിട്ട് ഹാജരാകണം: പൂനെ കോടതി
X

ന്യൂഡല്‍ഹി: വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ മെയ് 9ന് നേരിട്ട് ഹാജരാകണമെന്ന് രാഹുല്‍ഗാന്ധിയോട് പൂനെ കോടതി. സവര്‍ക്കറുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി. പരാമര്‍ശത്തെ ആധാരമാക്കിയുള്ള കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. ലണ്ടനില്‍ വച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസം സുപ്രിംകോടതി രാഹുലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിച്ചാല്‍ സ്വമേധയാ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇന്ദിരാ ഗാന്ധി സവര്‍ക്കറെ പുകഴ്ത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഹുല്‍ ഗാന്ധിക്ക് എതിരായ ലക്‌നൗ കോടതിയുടെ വാറണ്ട് സ്റ്റേ ചെയ്തു. നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി വിഡി സവര്‍ക്കറെ വിമര്‍ശിക്കുന്ന ഈ പരാമര്‍ശം നടത്തിയത്.

സവര്‍ക്കരെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇത് പരാമര്‍ശിച്ച് ലഘുരേഖ വിതരണം ചെയ്‌തെന്നും കാണിച്ച് ഒരു അഭിഭാഷകന്‍ ലക്‌നൗ കോടതിയില്‍ പരാതി നല്കിയിരുന്നു. രാഹുല്‍ ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ച് കഴിഞ്ഞ നവംബറില്‍ ലക്‌നൗ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രിംകോടതിയിലെത്തിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരുടെ ബഞ്ച് രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു.

ഒരു പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും സവര്‍ക്കറെ പോലുള്ള സ്വാതന്ത്ര്യസമരസേനാനികളെ അധിക്ഷേപിക്കരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രസ്താവന ആവര്‍ത്തിക്കില്ലെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ഉറപ്പു നല്കി. ഈ സാഹചര്യത്തില്‍ രാഹുലിനെതിരായ ലക്‌നൗ കോടതി നോട്ടീസ് സ്റ്റേ ചെയ്ത രണ്ടംഗ ബഞ്ച് ഉറപ്പ് ലംഘിച്ചാല്‍ സ്വമേധയാ നടപടി എടുക്കുമെന്ന മുന്നറിയിപ്പും നല്കി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ മഹാരാഷ്ട്രയിലെ സഖ്യകക്ഷികളായ എന്‍സിപിയും ശിവസേന ഉദ്ധവ് വിഭാഗവും നേരത്തെ രാഹുലിനെ അതൃപ്തി അറിയിച്ചിരുന്നു.



Next Story

RELATED STORIES

Share it