India

ചെങ്കോട്ടയിലെ സംഘര്‍ഷം: ഒരാള്‍കൂടി അറസ്റ്റില്‍

പോലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജിത്ത് സിങ്ങിനെയാണ് അറസ്റ്റുചെയ്തത്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലിസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ചെങ്കോട്ടയിലെ സംഘര്‍ഷം: ഒരാള്‍കൂടി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയ്ക്കിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. പോലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജിത്ത് സിങ്ങിനെയാണ് അറസ്റ്റുചെയ്തത്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലിസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിലും മത പതാക ഉയര്‍ത്തിയതിലും ഗുര്‍ജിത്ത് സിങ്ങിന് പങ്കുണ്ടെന്നാണ് പോലിസിന്റെ ആരോപണം. അമൃത്സറില്‍നിന്നുള്ള നോര്‍ത്തേണ്‍ റീജ്യന്റെ (എന്‍ആര്‍) സ്‌പെഷ്യല്‍ സെല്‍ ആണ് അറസ്റ്റുചെയ്തത്. ചെങ്കോട്ട സംഘര്‍ഷത്തില്‍ പോലിസ് പ്രതിചേര്‍ത്ത ഗുര്‍ജിത്ത് സിങ്, ദീപ് സിദ്ധു, ജുഗരാജ് സിങ്, ഗുര്‍ജന്ത് സിങ് തുടങ്ങിയവപരെ കണ്ടെത്തുന്നതിന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹി പോലിസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

റിപബ്ലിക് ദിന ട്രാക്ടര്‍ മാര്‍ച്ചിനിടെ പോലിസും കര്‍ഷകരും തമ്മിലുള്ള 'ഏറ്റുമുട്ടലില്‍ പങ്കെടുത്ത' വരെ കണ്ടെത്താന്‍ പോലിസ് ഡല്‍ഹിയിലും പഞ്ചാബിലും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ സെല്‍, ലോക്കല്‍ പോലിസ് എന്നിവയിലായി 43 വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിപബ്ലിക് ദിന അക്രമവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ 150 ഓളം പേരെയാണ് അറസ്റ്റുചെയ്തത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ഡല്‍ഹി പ്രക്ഷോഭം തുടങ്ങിയിട്ട് ഏഴുമാസം കഴിഞ്ഞിരിക്കുകയാണ്.

സമരത്തിനിടയില്‍ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകരാണ് മരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഡല്‍ഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ സമരമെത്തിയത്. പ്രതിഷേധകരെ ദില്ലി അതിര്‍ത്തികളില്‍ തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഡല്‍ഹി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്കാക്കി. ട്രാക്ടറുകള്‍ക്ക് പിന്നാലെ ട്രോളികളില്‍ കുടിലുകള്‍ കെട്ടി കര്‍ഷകര്‍ അതിര്‍ത്തികളിലെ ദേശീയ പാതകളില്‍ താമസമാക്കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. സമരം രാജ്യാന്തര തലത്തില്‍വരെ ചര്‍ച്ചയായി.

Next Story

RELATED STORIES

Share it