India

റഫേല്‍: വാര്‍ത്താ ഉറവിടത്തെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരെന്ന് ദി ഹിന്ദു ചെയര്‍മാന്‍ എന്‍ റാം

റഫേല്‍: വാര്‍ത്താ ഉറവിടത്തെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരെന്ന് ദി ഹിന്ദു ചെയര്‍മാന്‍ എന്‍ റാം
X

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയതിനു രേഖകള്‍ മോഷ്ടിച്ചെന്നാരോപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചതിനു പിന്നാലെ, തങ്ങളുടെ വാര്‍ത്താ ഉറവിടത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പ് ചെയര്‍മാനുമായ എന്‍ റാം പറഞ്ഞു. നിങ്ങള്‍ മോഷ്ടാവെന്ന് വിളിച്ചോളൂ. ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. രഹസ്യഫയലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചത് വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ്. ഞങ്ങളുടെ വാര്‍ത്താ ഉറവിടത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഉറവിടത്തെ കുറിച്ച് ഞങ്ങള്‍ ഒരു വിവരവും നല്‍കില്ല. പക്ഷേ, രേഖകള്‍ അതേക്കുറിച്ചു സംസാരിക്കും. രേഖകള്‍ അതേക്കുറിച്ചു പറയുക തന്നെ ചെയ്യുമെന്നും എന്‍ റാം പിടിഐയോടു പറഞ്ഞു. റഫേല്‍ ഇടപാട് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പരമ്പരയെന്ന പോലെ അദ്ദേഹം പത്രത്തിലൂടെ പുറത്തുവിട്ടത് മോദി സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. മോഷണക്കുറ്റം ആരോപിച്ച് ദിനപത്രങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് എന്‍ റാം നിലപാട് വ്യക്തമാക്കിയത്.

ഇതിനിടെ, ഇന്ന് നടന്ന കേസ് വാദത്തിനിടെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹിന്ദു പത്രം പുറത്തു വിട്ട രഹസ്യരേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിനിര്‍ണായക രേഖകളാണെന്നും ഇതു ചോര്‍ത്തിയതും പ്രസിദ്ധീകരിച്ചതും ഗുരതരമായ കുറ്റകൃതമാണെന്നും വാദിച്ചിരുന്നു. മോഷ്ടിച്ച രേഖകളാണ് കോടതിക്ക് മുമ്പാകെ എത്തിച്ചതെന്നും അതീവഗൗരവ സ്വഭാവത്തിലുള്ള രേഖകള്‍ കോടതി പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്നും എജി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, രഹസ്യരേഖകള്‍ പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്ത രേഖകളായിരുന്നു അത്. പ്രതിരോധ രേഖകള്‍ വിവരാവകാശ നിയമപരിധിയില്‍ വരില്ല. രഹസ്യഫയലുകള്‍ (കോണ്‍ഫിഡന്‍ഷ്യല്‍) എന്ന് രേഖപ്പെടുത്തിയ രേഖകളാണ് പുറത്തുവിട്ടത്. ഇവ പുറത്ത് വിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കി. റഫാല്‍ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി. ഈ ഘട്ടത്തില്‍ ഇനി കരാറില്‍ നിന്നും പുറത്തു പോകാന്‍ സാധിക്കില്ല. റഫാല്‍ വിമാനങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ആവശ്യമാണ്. എഫ്16 വിമാനങ്ങളെ നേരിടാന്‍ ഇവയ്‌ക്കേ സാധിക്കൂ.മിഗ് 21 പഴയതാണെങ്കില്‍ പോലും നമ്മള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നമ്മുക്ക് വേണ്ടത് റഫാല്‍ പോലുള്ള പോര്‍വിമാനങ്ങളാണെന്നും എജി ചൂണ്ടിക്കാട്ടി. രഹസ്യരേഖകള്‍ ചോര്‍ത്തുകയും പരസ്യപ്പെടുത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവര്‍ വിചാരണ നേരിടേണ്ടി വരും. രണ്ടു ദിനപത്രങ്ങള്‍ക്കും ഒരു മുതിര്‍ന്ന അഭിഭാഷകനുമെതിരേ ക്രിമിനല്‍ നടപടിയെടുക്കുമെന്നും അറ്റോര്‍ണി ജാനറല്‍ വാദിച്ചിരുന്നു.




Next Story

RELATED STORIES

Share it