India

ഔറംഗസേബിനെക്കുറിച്ചുള്ള പരാമര്‍ശം; സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം ആസ്മിയെ സസ്പെന്‍ഡ് ചെയ്തു

ഔറംഗസേബിനെക്കുറിച്ചുള്ള പരാമര്‍ശം; സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം ആസ്മിയെ സസ്പെന്‍ഡ് ചെയ്തു
X

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെക്കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ സമാജ് വാദി പാര്‍ട്ടി (എസ്പി) എംഎല്‍എ അബു അസിം ആസ്മിയെ സസ്പെന്‍ഡ് ചെയ്തു. മഹാരാഷ്ട്ര നിയമസഭ ബുധനാഴ്ച ബജറ്റ് സമ്മേളനത്തിന്റെ അവസാനം വരെയാണ് എസ്പി എംഎല്‍എയെ സഭാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അബു അസിം ആസ്മിയുടെ പരാമര്‍ശം മഹാരാഷ്ട്ര നിയമസഭയില്‍ ഭരണപക്ഷമായ എന്‍ഡിഎ സഖ്യം- മഹായുതി വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്.

ആസ്മിയുടെ പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ ഭരണപക്ഷം പ്രമേയം കൊണ്ടു വന്നിരുന്നു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ പുകഴ്ത്തിക്കൊണ്ടുള്ള അബു അസിം ആസ്മിയുടെ പരാമര്‍ശം ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. ഭരണകക്ഷിയായ മഹായുതി അംഗങ്ങള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് നിയമസഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഛത്രപതി സംഭാജി മഹാരാജിനെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഔറംഗസേബിന്റെ പിന്‍ഗാമിയാണ് അസ്മിയെന്ന് വിളിച്ചു കൊണ്ടാണ് മഹായുതി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു സഭാ നടപടികള്‍ തടസപ്പെടുത്തിയത്.

അസ്മിക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെയാണ് നടുത്തളത്തില്‍ ആദ്യം ഇറങ്ങിയത്. മഹാരാഷ്ട്രയിലെ രണ്ട് സഭകളിലും ഷിന്‍ഡെയാണ് അസ്മിയ്ക്കെതിരെ പടനയിച്ചത്. അസ്മി മുമ്പും മറാത്തക്കാരുടെ ബിംബമായ ഛത്രപതി ശിവാജിയേയും അപമാനിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രൂക്ഷമായ ആക്രമണം മഹായുതി നടത്തിയത്. ഔറംഗസേബ് മികച്ച ഭരണാധികാരിയായിരുന്നുവെന്ന പരാമര്‍ശമാണ് അസ്മിയെ ഭരണപക്ഷത്തിന്റെ കണ്ണില്‍ കരടാക്കിയത്.

വിവാദം കനത്തതോടെ എസ്പി എംഎല്‍എ തന്റെ പ്രസ്താവനകള്‍ പിന്‍വലിച്ചു. തന്റെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ ആസ്മി അവകാശപ്പെട്ടു. ഔറംഗസേബിനെക്കുറിച്ച് താന്‍ പറഞ്ഞതെന്തും ചരിത്രകാരന്മാരും എഴുത്തുകാരും നേരത്തെ രേഖപ്പെടുത്തിയതാണെന്നും ശിവാജി മഹാരാജിനെയോ സംഭാജി മഹാരാജിനെയോ ഏതെങ്കിലും ദേശീയ ഐക്കണുകളെയോ താന്‍ അപമാനിച്ചിട്ടില്ലെന്നം ആസ്മി കുറിച്ചു. എന്നിരുന്നാലും തന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, താന്‍ അവ തിരിച്ചെടുക്കുന്നുവെന്നും ആസ്മി പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും ബജറ്റ് സമ്മേളനം തടസ്സപ്പെടുത്തുന്നത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കും തന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി മഹാരാഷ്ട്ര സര്‍ക്കാരാണെന്നും പ്രതിഷേധാഹ്വാനങ്ങള്‍ക്ക് പിന്നാലെ അസ്മി പറഞ്ഞു.






Next Story

RELATED STORIES

Share it